സ്കൂട്ടറിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട രണ്ട് പ്രതികൾ പിടിയിൽ

Thursday 09 September 2021 8:26 AM IST

വടക്കഞ്ചേരി : മേഖലയിൽ തുടർച്ചയായി ഇരു ചക്രവാഹനത്തിലെത്തി മാല പൊട്ടിച്ച് കവർച്ചകൾ നടത്തിയ സംഭവങ്ങളിലെ രണ്ട് പ്രതികൾ പിടിയിൽ. കിഴക്കഞ്ചേരി ഇളങ്കാവ് മനവരസ് റോഡ് വീട്ടിൽ സുലൈമാന്റെ മകൻ റിൻഷാദ് (22) , കിഴക്കഞ്ചേരി കുന്നങ്കാട് കുളക്കമ്പാടം വീട്ടിൽ ഉസ്സന്നാരുടെ മകൻ ഷാബിർ (22 ) എന്നിവരാണ് പിടിയിലായത് .കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒമ്പതിന് റേഷൻ കടയിലേക്ക് പോകുകയായിരുന്ന കുറുവായ് പൂവത്തിങ്കൽ വീട്ടിൽ മാധവന്റെ ഭാര്യ മീനാക്ഷി (75) യുടെ രണ്ടര പവൻ തൂക്കം വരുന്ന മാല സ്‌കൂട്ടറിലെത്തി കവർന്ന കേസ് ഉൾപ്പെടെ നിരവധി കവർച്ചാ കേസുകളിലെ പ്രതികളാണ് പിടിയിലായത്.

വടക്കഞ്ചേരി മേഖലയിൽ വർദ്ധിച്ചു വരുന്ന മോഷണങ്ങളെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഫിന്റെ നിർദ്ദേശത്തെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ റിൻഷാദ്, ഷാബിർ എന്നിവർ പ്രദേശത്തെ പ്രധാന ലഹരി ഇടപാടുകാരാണ് . പ്രതികൾ കവർച്ചയ്ക്ക് ശേഷം ഇടുക്കി മൂന്നാറിലെയും , തമിഴ്നാട്ടിലെയും സുഖവാസ കേന്ദ്രങ്ങളിലേക്ക് കടന്നെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളുടെയും, പാലക്കാട് സൈബർ സെല്ലിന്റെയും സഹാത്തോടെ നടത്തിയ അന്വേഷണത്തിലൂടെയാണ് പിടികൂടിയത്.

ആദ്യം പിടികൂടിയ പ്രതി ഷാബിറിനെ ചോദ്യം ചെയ്തതിൽ നിന്നും മുടപ്പല്ലൂർ ചെല്ലുപടിയിൽ ഒരു സ്ത്രീയുടെ മാല പൊട്ടിച്ചതും , വടക്കഞ്ചേരി ഡയാന ഹോട്ടലിന് പിൻ വശം ചുണ്ടക്കാട് ഒരു സ്ത്രീയുടെ മാല പൊട്ടിച്ചതും ഇരുവരും ചേർന്നാണെന്ന് സമ്മതിച്ചു. പ്രതി റിൻഷാദ് നിരവധി അടിപിടി കേസുകളിലും വധശ്രമക്കേസിലും ലഹരിമരുന്ന് കേസിലും പ്രതിയാണ്. ലഹരിമരുന്ന് വാങ്ങുന്നതിനും, ആഡംബരത്തിന് പണം കണ്ടെത്തുന്നതിനുമാണ് പ്രതികൾ കവർച്ച നടത്തിയത്. ലഹരിക്ക് അടിമപ്പെട്ട പ്രതികൾ വയോധിക എന്ന പരിഗണ പോലും നൽകാതെയാണ് മാല കവർന്നത്.

പ്രതികൾ മോഷണത്തിനുപയോഗിച്ച സ്‌കൂട്ടർ, രക്ഷപെടാൻ ഉപയോഗിച്ച കാർ , പ്രതികൾ കവർച്ച ചെയ്ത് പണയം വച്ച സ്വർണ്ണമാല എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ചിറ്റൂർ എ.എസ്.പി .പദംസിംഗ്, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി.ഡി. ശ്രീനിവാസൻ , ആലത്തൂർ ഡി.വൈ.എസ്.പി കെ.എം. ദേവസ്യ എന്നിവരുടെ മേൽനോട്ടത്തിലായി രുന്നു അന്വേഷണം.

വടക്കഞ്ചേരി ഇൻസ്‌പെക്ടർ എം. മഹേന്ദ്രസിംഹൻ, സബ് ഇൻസ്‌പെക്ടർ എസ്. അനീഷ് , സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു , ദിലീപ് ഡി. നായർ , പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട എ.എസ്.ഐ. സുനിൽ കുമാർ , റഹിം മുത്തു, കൃഷ്ണദാസ്. ആർ.കെ, സൂരജ് ബാബു. യു, ദിലീപ് .കെ, ഷിബു.ബി, വിനു.പി , എന്നിവരാണ് അന്വേഷണം നടത്തിയത്.

Advertisement
Advertisement