ആധുനിക സൗകര്യങ്ങളോടെ മെഡിക്കൽ കോളേജിൽ സിവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ്

Thursday 09 September 2021 3:02 AM IST

തിരുവനന്തപുരം: നഗരസഭ അമൃത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മെഡിക്കൽ കോളേജിലെ സിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. അമൃത് മിഷൻ ഡയറക്ടർ ഡോ. രേണുരാജ് റിപ്പോർട്ട് അവതരിപ്പിക്കും. ഡോ. ശശിതരൂർ എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ എസ്.വെങ്കടേശപതി, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, നഗരസഭയിലെ കക്ഷിനേതാക്കൾ, നഗരസഭ സെക്രട്ടറി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർ പങ്കെടുക്കും.

സിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്

ദിനംപ്രതി പതിനായിരങ്ങൾ വന്നുപോകുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് നിലവിൽ സിവറേജ് ട്രീറ്റ്‌മെന്റ് സംവിധാനമില്ല. ദ്രവമാലിന്യങ്ങൾ പ്രത്യേക കിണറുകളിൽ സംഭരിച്ചശേഷം അവിടെ നിന്ന് കണ്ണമ്മൂല പമ്പിംഗ് സ്റ്റേഷനിലും തുടർന്ന് മുട്ടത്തറ സിവറേജ് ട്രീറ്റ്‌മെന്റ് പ്ലാൻലേക്കും എത്തിക്കുന്നതാണ് നിലവിലെ രീതി. എന്നാൽ കാലപ്പഴക്കത്തിൽ സംഭരണ കിണറുകൾ തകർന്ന് മലിനജലം ഓടകളിലൂടെ ജലസ്രോതസുകളിൽ എത്തുന്നുവെന്ന പരാതിയെ തുടർന്നാണ് നഗരസഭ പുതിയ പദ്ധതി അവിഷ്കരിച്ചത്.

പദ്ധതി തയ്യാറാക്കിയത് വാട്ടർ അതോറിറ്റി

ഭരണാനുമതി ലഭിച്ചത്: 19.16 കോടി രൂപയ്ക്ക്

കരാർ തുക: 14.38 കോടി രൂപ

സംസ്‌കരണ ശേഷി: 50 ലക്ഷം ലിറ്റർ (പ്രതിദിനം)

എ.ബി.ആർ സാങ്കേതിക വിദ്യ

ആധുനിക എം.ബി.ബി.ആർ സാങ്കേതികവിദ്യയാണ് പ്ലാന്റ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. രാസമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംവിധാനവുമുണ്ട്. ഭാവിയിൽ എസ്.എ.ടി, ആർ.സി.സി, ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ മാലിന്യങ്ങൾ കൂടി സംസ്‌കരിക്കാനും അടുത്ത 50 വർഷത്തെ ആവശ്യംകൂടി കണക്കിലെടുത്തുമാണ് പ്ലാന്റ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യമായാണ് കേരളത്തിലെ മെഡിക്കൽ കോളേജിൽ ഇത്തരം സംവിധാനം നടപ്പാക്കുന്നത്.

ശുദ്ധീകരിച്ച ജലം തോട്ടം നനയ്ക്കാൻ

കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള പ്ലാന്റിൽ നിന്ന് ശുദ്ധീകരിച്ച ജലം തോട്ടം നനയ്ക്കുന്നതിനും എ.സി. ചില്ലർ യൂണിറ്റിനും ഫ്ളഷിംഗ് യൂണിറ്റിനും ഉപയോഗിക്കാൻ കഴിയും. ഏകദേശം 40 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗം നടത്താനും സാധിക്കും.

Advertisement
Advertisement