നടിയുടെ വീട്ടിൽ കയറി കത്തികാട്ടി ഭയപ്പെടുത്തി 6.5 ലക്ഷം കവർന്നു

Friday 10 September 2021 12:00 AM IST

റായ്‌പൂർ: 2014ലെ മിസ് ഇന്ത്യ എർത്ത് കിരീടം ചൂടിയ മോഡലും ബോളിവുഡ്നടിയുമായ അലംകൃത സാഹെയുടെ ചത്തീസ്ഗഢിലെ വീട്ടിൽ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി 6.5ലക്ഷം രൂപ കവർന്നു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്ന് യുവാക്കൾ കത്തികാട്ടി ഭയപ്പെടുത്തി നടിയെ ബന്ദിയാക്കി. നടി മോഷ്ടാക്കളിൽ നിന്ന് കുതറിയോടി മുറിയിൽ കയറി വാതിലടച്ചു. എന്നാൽ സംഘത്തിലെ രണ്ടുപേർ ബാൽക്കണിയിലൂടെ നടിയുടെ മുറിയിലേക്ക് പ്രവേശിച്ചു. വീണ്ടും കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയപ്പോൾ അലംകൃത കൈവശം ഉണ്ടായിരുന്ന ആറ് ലക്ഷം രൂപ മോഷ്ടാക്കൾക്ക് നൽകി. കൂട്ടത്തിലൊരാൾ നടിയുടെ എ.ടി.എം കാർഡ് എടുത്തുകൊണ്ടുപോയി 50000 രൂപ പിൻവലിച്ചു. മോഷ്ടാക്കളിലൊരാളെ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അലംകൃത നഗരത്തിൽ താമസിക്കാനെത്തുന്നത്. മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നെങ്കിലും രണ്ട് ദിവസം മുമ്പ് അവർ ദൂരയാത്ര പോയിരിക്കുകയായിരുന്നു.

നമസ്തേ ഇംഗ്ളണ്ട് സിനിമയിൽ അർജുൻ കപൂർ, പരിണീതചോപ്ര എന്നിവർക്കൊപ്പമുള്ള അലംകൃതയുടെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.