ഒറ്റപ്പാലം കൊലക്കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു, കൈ ഞരമ്പുകൾ മുറിച്ചത് ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ, പിടിയിലായത് യുവതിയും മകനും
പാലക്കാട്: ഒറ്റപ്പാലത്ത് അറുപത്തിമൂന്നുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു.കൊല്ലപ്പെട്ട ഖദീജയുടെ സഹോദരി പുത്രി ഷീജ, മകൻ യാസിര്‍ എന്നിവരാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡിൽ താമച്ചിരുന്ന ഖദീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഖദീജയ്ക്കൊപ്പം താമസിച്ചിരുന്ന ഷീജയെയും കുടുംബത്തേയും കാണാതായതോടെ പൊലീസിന് സംശയമായി. തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിൽ യാസിറിനെയും ഒറ്റപ്പാലത്തെ ലോഡ്ജിൽ നിന്ന് രാത്രി വൈകി ഷീജയെയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
സ്വര്‍ണം കൈക്കലാക്കുന്നതിനുവേണ്ടിയാണ് ഇവർ ഖദീജയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കിയശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഖദീജയുടെ കൈ ഞരമ്പുകൾ മുറിച്ചത്. കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് കടക്കാനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു