ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിനു പിറകേ ഉത്തർപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഔരയ്യയിൽ കർഷകൻ കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്തു. 45കാരനായ സുഖ്രാം ഭദൗരിയ ആണ് മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. ഏറെനാളുകളായി കടം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് സുഖ്രാമിന് മേൽ സമ്മർദമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ബുധനാഴ്ച പതിവുപോലെ തന്റെ കൃഷിയിടത്തിലേക്കു പോയ സുഖ്രാം സമീപത്തുള്ള വേപ്പ് മരത്തിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. സമീപത്തുള്ള ആൾക്കാർ സംഭവം കണ്ട ഉടനെ പൊലീസിൽ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതശരീരം പോസ്റ്റ്‌മോർട്ടത്തിനായി നീക്കുകയും ചെയ്തു.
ആദ്യത്തെ ലോക്‌ഡൗൺ സമയത്ത് സുഖ്രാം തന്റെ കിസാൻ കാർഡ് ഉപയോഗിച്ച് 50000 രൂപയുടെ ലോൺ എടുത്തിട്ടുണ്ടായിരുന്നു. എന്നാൽ വിചാരിച്ചതു പോലെ ഇത് തിരിച്ചടക്കാൻ സാധിക്കാതെ വന്നപ്പോൾ ജപ്തി അടക്കമുള്ള നടപടികളുമായി ബാങ്ക് മുന്നോട്ടു പോയി. ഇതിനെ തുടർന്നാകണം സുഖ്രാം ഇപ്പോൾ ആത്മഹത്യ ചെയ്തതെന്ന് കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു.