പേര് കേട്ടപ്പോൾ പകുതി ഓകെ, കഥ കൂടി കേട്ടപ്പോൾ പൂർണ സമ്മതം; ലാലേട്ടൻ ബാലേട്ടനായ കഥ സംവിധായകൻ പറയുന്നു

Friday 10 September 2021 5:28 PM IST

മീശ പിരിക്കുന്ന മോഹൻലാലിൽ നിന്ന് കുടുംബങ്ങളുടെ പ്രിയങ്കരനായ മോഹൻലാലിലേക്കുള്ള ഒരു മടങ്ങിവരവായിരുന്നു വി എം വിനു സംവിധാനം ചെയ്ത ബാലേട്ടൻ. ടി എ ഷാഹിദിന്റെ രചനയിൽ അരോമ മണി നിർമിച്ച ചിത്രം വമ്പൻ ഹിറ്റായിരുന്നു. ബാലേട്ടന്റെ കഥയുമായി മോഹൻലാലിനെ സമീപിച്ച കഥ പറയുകയാണ് സംവിധായകൻ വി എം വിനു തന്റെ പ്രതിവാര യൂട്യൂബ് പരിപാടിയായ ഫ്ളാഷ്‌കട്ട്സിലൂടെ.

വളരെയേറെ പ്രതിസന്ധികൾ മറികടന്ന് ഡമ്മി സംഭാഷണങ്ങളുമായി തിരക്കഥയുടെ ഏകദേശ രൂപം പൂ‌ർത്തിയാക്കിയ ശേഷം മോഹൻ ലാലിനെ സമീപിക്കുന്നതിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു തിരക്കഥാകൃത്ത് ടി എ ഷാഹിദും വിനുവും. വിനുവിന്റെ അടുത്ത സുഹൃത്തായ നിർമാതാവ് അരോമ മണിയുടെ പുതിയ ചിത്രമായ മിസ്റ്റർ ബ്രഹ്മചാരിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മോഹൻലാൽ തെങ്കാശിയിലുണ്ടെന്ന് അറിയുകയും, മണി വഴി മോഹൻലാലിനെ കാണുന്നതിന് ഒരവസരം ഒരുങ്ങുകയായിരുന്നു. തെങ്കാശിയിൽ എത്തി ഷൂട്ടിംഗ് ലൊക്കേഷനിൽ ചെന്ന് മോഹൻലാലിനെ കണ്ട് നിമിഷനേരം കൊണ്ട് തന്നെ വർഷങ്ങളായി പരിചയമുള്ളവരെ പോലെയാണ് മോഹൻലാൽ തന്നോട് പെരുമാറിയതെന്ന് വിനു ഓർക്കുന്നു. ലൊക്കേഷനിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് മോഹൻലാലിനോട് സിനിമയുടെ പേര് ബാലേട്ടൻ ആണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ആ പ്രോജെക്റ്റിനോടുള്ള ഒരു താല്പര്യം തനിക്കു കാണുവാൻ സാധിച്ചെന്നും വിനു കൂട്ടിച്ചേർത്തു.

ഷൂട്ടിംഗിനു ശേഷം തന്റെ ഹോട്ടൽ മുറിയിലേക്ക് വിനുവിനെയും ഷാഹിദിനെയും മോഹൻലാൽ ക്ഷണിക്കുകയും അവിടെ ഇരുന്നു ചിത്രത്തിന്റെ കഥ കേൾക്കുകയും ചെയ്തു. ഒരു പുതുമുഖ തിരക്കഥാകൃത്തിന്റെ എല്ലാ അങ്കലാപ്പും പേടിയും ഉണ്ടായിരുന്ന ഷാഹിദിനെ സമാധാനിപ്പിക്കാൻ മോഹൻലാൽ മുൻകൈ എടുക്കുകയും വളരെ ക്ഷമയോടെ ഇരുന്നു കഥ മുഴുവൻ കേൾക്കുകയും ചെയ്തുവെന്ന് വിനു പറഞ്ഞു.

കഥയുടെ സെക്കൻഡ് ഹാഫ് കേട്ടുകഴിഞ്ഞപ്പോൾ തന്നെ മോഹൻലാലിന് സിനിമ ഇഷ്ടപ്പെ‌ട്ടുവെന്നും സ്ക്രിപ്റ്റിന്റെ നീളം കുറച്ചു കുറയ്ക്കണമെന്ന് മാത്രം ഒരു അഭിപ്രായം മുന്നോട്ടു വെയ്ക്കുകയും ചെയ്തു. പോകാൻ നേരം മോഹൻലാലിൻറെ പേർസണൽ ഫോൺ നമ്പർ കൂടി നൽകിയിട്ടാണ് അദ്ദേഹം തങ്ങളെ യാത്ര ആക്കിയതെന്നും വിനു കൂട്ടിച്ചേർത്തു.

പടത്തിന്റെ കഥ നേരത്തെ കേട്ട് ഇഷ്ടപ്പെട്ട അരോമ മണി തന്നെ നിർമാതാവായി വരികയും പിന്നീടുള്ള കാര്യങ്ങൾ മണിയുമായി നേരിട്ട് സംസാരിക്കാമെന്ന ധാരണയിൽ മോഹൻലാൽ ബാലേട്ടനാകാൻ സമ്മതിച്ചതായും വിനു വെളിപ്പെട‌ുത്തി.

Advertisement
Advertisement