കെ ടി ജലീൽ വ്യക്തിവിരോധം തീർക്കുന്നതായി ആരാണ് കണ്ടിട്ടുള്ളത്, ജലീലിനെ തള്ളിയിട്ടില്ല, സഹയാത്രികനായി തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ ടി ജലീല്‍ സി.പി.എമ്മിന്‍റെ നല്ല സഹയാത്രികനായി തുടരുമെന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലീലിനെ സി.പി.എം തള്ളിയിട്ടില്ല. അദ്ദേഹം സി.പി.എമ്മിന്റെറെയും എൽ.ഡി.എഫിന്‍റെയും നല്ല രീതിയിലുള്ള സഹയാത്രികനായിരുന്നു ഇതുവരെ. അതിനിയും തുടരുക തന്നെ ചെയ്യും. കെ. ടി ജലീല്‍ വ്യക്തി വിരോധം തീർക്കുന്നതായി ആരാണ് കണ്ടിട്ടുള്ളത്? ഞങ്ങളതിനെ അത്തരത്തില്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി സ്വീകരിക്കുന്ന നിലപാട് എല്ലാവർക്കും അറിയാം. അവരുമായി സിപിഎമ്മിനുള്ള നിലപാടും എല്ലാവർക്കും അറിയാം. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതിനിവിടെ സഹകരണ വകുപ്പുണ്ട്. അതിന് ഇ.ഡി വരേണ്ട കാര്യമില്ല. സഹകരണ മേഖലയ്ക്ക് കൃത്യമായ പരിശോധനാ സംവിധാനമുണ്ട്. വീഴ്ചകൾ തിരുത്താനുള്ള സംവിധാനം സഹകരണ മേഖലയ്ക്കുണ്ട്. ഇഡി വരികയെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജലീൽ വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രികയുമായി ബന്ധപ്പെട്ട വിഷയമാണ് അദ്ദേഹം ഉന്നയിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി.