ഊരുവിലക്ക് : പെൺകുട്ടിക്ക് കെ.പി.എം.എസിന്റെ പിന്തുണ

Friday 10 September 2021 9:15 PM IST
കാട്ടൂർ തൊപ്പിത്തറയിൽ പീഡിപ്പിച്ചയാൾക്കെതിരെ പൊലീസിൽ പരാതി കൊടുത്തതിന് പെൺകുട്ടിയുടെ കുടുംബത്തെ ഊരുവിലക്കിയ നടപടിയ്ക്കെതിരെ കെ.പി.എം.എസ് സംസ്ഥാന നേതാക്കൾ വീട്ടിലെത്തി പിന്തുണ പ്രഖ്യാപിച്ചപ്പോൾ

ഇരിങ്ങാലക്കുട : കാട്ടൂർ തൊപ്പിത്തറയിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരെ പൊലീസിൽ പരാതി കൊടുത്തതിന്റെ പേരിൽ പെൺകുട്ടിയുടെ കുടുംബത്തെ ഊരുവിലക്കിയ നടപടിയിൽ പെൺകുട്ടിയുടെ ഭവനം സന്ദർശിച്ച് കെ.പി.എം.എസ് സംസ്ഥാന നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചു.
ആധുനിക സമൂഹത്തെ സ്വപ്നം കണ്ട് മാനവികതയ്ക്കും മാനുഷികതയ്ക്കും ഉയർന്ന പരിഗണന നൽകുമെന്ന് ഉറപ്പു നൽകുന്ന സർക്കാരാണ് ഭരിക്കുന്നത്. പീഡനക്കേസിലെ പ്രതി പ്രദേശത്തെ സംസ്ഥാന ഭരണകക്ഷി നേതാവാണ്. പ്രതിക്കെതിരെ മൊഴി കൊടുത്തതിന്റെ പേരിൽ കുടുംബം നേരിട്ടത് ആധുനിക സമൂഹത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ്. ഫ്യൂഡൽ കാലഘട്ടത്തെ മാടമ്പി സംസ്‌കാരമാണ് പട്ടികജാതി കുടുംബത്തോട് കൈക്കൊണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ പട്ടികജാതി പീഡനങ്ങളുണ്ടായാൽ പ്രതികരിക്കാൻ ആവേശം കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മൗനത്തിലാണെന്നും കെ.പി.എം.എസ് ആരോപിച്ചു. സംസ്ഥാന നേതാക്കളായ പി. എൻ സുരൻ, ഇ. ജെ തങ്കപ്പൻ, പി.എ രവി, ഇരിങ്ങാലക്കുട യൂണിയൻ പ്രസിഡന്റ് പി. കെ കുട്ടൻ എന്നിവരടങ്ങുന്ന സംഘമാണ് ഭവനം സന്ദർശിച്ചത്. കുടുംബത്തിന് ആവശ്യമായ സഹായവും പിന്തുണയും നേതാക്കൾ പ്രഖ്യാപിച്ചു.

Advertisement
Advertisement