കൊലപാതകത്തിന് കാരണം വാക്കുതർക്കം

Saturday 11 September 2021 8:46 AM IST

തിരുവനന്തപുരം: ഐ.എൻ.ടി.യു.സി തൊഴിലാളി സതീഷ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ രണ്ടുപേരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുപ്രസിദ്ധ ഗുണ്ട ആറ്റുകാൽ പാടശേരി കിഴങ്ങുവിള വീട്ടിൽ ചാത്തൻ സജീവ് എന്ന സജീവ് (38), നെടുങ്കാട് കീഴേമങ്ങാട്ടുകോണം ജയശ്രീ ഭവനിൽ ടൈൽ കണ്ണൻ എന്ന ജയശങ്കർ (38) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ബുധനാഴ്‌ച രാത്രിയോടെയാണ് സജീവും ജയശങ്കറും ചേർന്ന് കരമന ആറ്റുകാൽ ബണ്ടുറോഡിൽ ഇരുമ്പുപാലത്തിന് സമീപം നെടുങ്കാട് ചിറപ്പാലം സ്വദേശി സതീഷ് കുമാറിനെ കുത്തിക്കൊന്നത്. സതീഷിന്റെ സുഹൃത്തിനെ പ്രതികൾ നേരത്തെ ഉപദ്രവിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുമ്പുപാലത്തിന് സമീപം കൂട്ടുകാരുമായി സംസാരിച്ചിരുന്ന സതീഷിന, ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ സജീവും ജയശങ്കറും ചേർന്ന് ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ സതീഷിനെ കരമനയിലുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ ഫോർട്ട്, കരമന പൊലീസിന്റെ നേതൃത്വത്തിൽ നഗരത്തിൽ വ്യാപക തെരച്ചിലാണ് നടന്നത്. ആക്രമണത്തിനിടെ നിസാര പരിക്കേറ്റ പ്രതി സജീവ്, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നേടിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രി പരിസരത്ത് നടത്തിയ തെരച്ചലിൽ സജീവിനെ സഹായിക്കാനെത്തിയ ജയശങ്കറിനെയും അറസ്റ്റ് ചെയ്തു.

സജീവ് കൊഞ്ചിറവിള സ്വദേശി വിഷ്‌ണുവിന്റെ കൊലപാതകക്കേസിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ജയശങ്കറിന്റെ പേരിൽ വീടുകയറി ആക്രമിച്ച കേസും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്‌തു. സംഭവത്തിൽ പഴുതടച്ചുള്ള അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വൈഭവ് സക്സേന അറിയിച്ചു.

Advertisement
Advertisement