കായംകുളം താപനിലയത്തിൽ ഉടനെത്തും സൗരോർജ്ജം

Saturday 11 September 2021 2:45 AM IST

ആലപ്പുഴ: കായംകുളം താപനിലയത്തിലെ സൗരോർജ്ജ പ്‌ളാന്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. അഞ്ച് മെഗാവാട്ട് പ്ളാന്റ് ഉടൻ കമ്മിഷൻ ചെയ്യും. 92 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്.

ഒക്ടോബറിൽ ഉത്പാദനം പൂർണശേഷിയിലെത്തിക്കാനായിരുന്നു ശ്രമം. എന്നാൽ കൊവിഡിനെ തുടർന്ന് ചൈനയിൽ നിന്ന് സോളാർ പാനലുകൾ എത്തിക്കാൻ വൈകിയതാണ് ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ആദ്യഘട്ട കമ്മിഷനിംഗ് വൈകാൻ കാരണം.

കഴിഞ്ഞ ദിവസം അഞ്ച് ലോറികളിൽ തൃശൂരിൽ നിന്ന് 15,000 ഓളം സോളാർ പാനലുകൾ എൻ.ടി.പി.സിയിൽ എത്തി. 25 വർഷത്തേക്ക് 3.16 രൂപ നിരക്കിൽ സോളാർ വൈദ്യുതി വാങ്ങാമെന്ന ധാരണാ പത്രത്തിൽ കെ.എസ്.ഇ.ബി ഒപ്പുവച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് വൈദ്യുതി നൽകാനാകും. സംസ്ഥാനത്ത് പ്രതിദിനം 65 ദശലക്ഷത്തിൽ അധികം വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. നാഫ്ത ഉപയോഗിച്ചുള്ള ഉത്പാദന ചെലവ് കൂടുതലായതിനാൽ കഴിഞ്ഞ മാർച്ച് 31ന് താപനിലയത്തിന്റെ പ്രവർത്തനം എൻ.ടി.പി.സി നിറുത്തിയതിനെ തുടർന്നാണ് സൗരോർജ്ജത്തിലേക്ക് ചുവടുമാറ്റിയത്. സൗരോർജ്ജത്തിൽ നിന്ന് വൈദ്യുതി ഉത്പാദനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായി.

നിർമ്മാണം അവസാനഘട്ടത്തിൽ

താപനിലയത്തിന്റെ തെക്കേ ബ്‌ളോക്കിലെ 480 ഏക്കർ വെള്ളക്കെട്ടിൽ രണ്ടിടങ്ങളിലായി ഫ്ളോട്ടിംഗ് സോളാർ പാനലുകൾ സ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്. ടാറ്റ സോളാർ (70മെഗാവാട്ട്), ബി.എച്ച്.ഇ.എൽ (22മെഗാവാട്ട്) എന്നീ കമ്പനികളാണ് നിർമ്മാണ ജോലികൾ ഏറ്റെടുത്തിരിക്കുന്നത്. ടാറ്റ സോളാറിന് 351.74 കോടി രൂപയ്ക്കും ബി.എച്ച്.ഇ.എൽ 113.12 കോടിക്കുമാണ് കരാർ. ട്രാൻസ്‌ഫോർമറുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിധത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്‌ളാറ്റ്‌ഫോമുകളിലാണ് പാനലുകൾ ഉറപ്പിച്ചിരിക്കുന്നത്. ടാറ്റ കമ്പനിയുടെ സോളാർപാനൽ എത്താൻ വൈകുന്നതിനാൽ 70 മെഗാവാട്ട് പദ്ധതി പൂർത്തീകരണത്തിന് കാലതാമസം നേരിടും.

സൗരോർജ പദ്ധതി

ചെലവ്: 464.84 കോടി

ആകെ ഉത്പാദനം: 92 മെഗാവാട്ട്

അടുത്തമാസം: 5 മെഗാവാട്ട്

സ്ഥാപിക്കുന്ന സോളാർ പാനൽ: 2.16 ലക്ഷം

വൈദ്യുതി നിരക്ക് (യൂണിറ്റിന്): 3.16 രൂപ

"

കൊവിഡിനെ തുടർന്ന് സോളാർപാനൽ എത്തിക്കുന്നതിലെ കാലതാമസമാണ് സൗരോർജ്ജ വൈദ്യുതി ഉത്പാദനം വൈകാൻ കാരണം.

എൻ.ടി.പി.സി അധികൃതർ

Advertisement
Advertisement