തലൈവി: കങ്കണയേയും അരവിന്ദ് സ്വാമിയേയും പ്രശംസിച്ച് സിമി

Sunday 12 September 2021 2:59 AM IST

മുംബയ്: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വെള്ളിത്തിരയിൽ തന്നെ അവതരിപ്പിക്കുന്നത് ഐശ്വര്യ റായ് ആയിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നിരുന്നുവെന്ന് നടിയും ടെലിവിഷൻ അവതാരകയുമായ സിമി ഗ്രേവാൾ.

തലൈവിയിൽ കങ്കണ റണാവത്ത് ജയലളിതയുടെ കഥാപാത്രത്തിന് ആത്മാവും ശരീരവും നൽകി എന്ന് അഭിനന്ദിക്കുമ്പോഴും 1999ൽ ജയലളിതയുമായി നടത്തിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയ കാര്യങ്ങൾ ഓർത്തെടുക്കുകയാണ് സിമി.

കങ്കണയുടെ ചില അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടെങ്കിലും അവരുടെ അഭിനയ ശേഷിയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. എന്നാൽ ഐശ്വര്യ റായ് തന്നെ അവതരിപ്പിക്കണം എന്നായിരുന്നു ജയാജിയുടെ ആഗ്രഹം. കങ്കണയെ ജയാജി പൂർണമനസ്സോടെ ഏറ്റെടുക്കുമായിരുന്നു എന്നാണ് എന്റെ തോന്നൽ.

അരവിന്ദ് സ്വാമിയുടെ അഭിനയത്തേയും സിമി അഭിനന്ദിച്ചു. എം.ജി.ആറായി അരവിന്ദ് സ്വാമി പുനർജനിക്കുകയായിരുന്നു എന്നാണ് സിമിയുടെ അഭിപ്രായം.

അരവിന്ദ് സ്വമിയാണതെന്ന് നാം മറന്നുപോകും. അത് എം.ജി.ആറാണെന്ന് തന്നെ നാം വിശ്വസിക്കും. പക്ഷെ സിനിമയിൽ ജയലളിതയുടെ കുട്ടിക്കാലം കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ വലിയ ഇംപാക്ട് ഉണ്ടാക്കാൻ കഴിഞ്ഞേനെയെന്നും സിമി പറഞ്ഞു.