മഹാത്മാ ​ഗാന്ധിയുടെ വാക്കുകൾ കടമെടുത്ത് മോദി, വിനോബാ ഭാവേയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

Saturday 11 September 2021 7:31 PM IST

ന്യൂഡൽഹി: ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ (പ്രയോക്താവുമായ)​ വിനോബാ ഭാവേയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവേയുടെ ജന്മദിനമായ ഇന്ന് അദ്ദേഹം നൽകിയ സംഭാവനകളിൽ പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി. തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം ഭൂരഹിതരായ പാവങ്ങൾക്ക് വിതരണം ചെയ്യാൻ സംഭാവന നൽകാൻ രാജ്യമെമ്പാടുമുള്ള ആളുകളെ പ്രേരിപ്പിച്ച വ്യക്തിയാണ് ഭാവേ.

തൊട്ടുകൂടായ്മയ്ക്ക് എതിരെ നിലകൊണ്ട വ്യക്തിയാണ് ഭാവേ എന്ന് മോദി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയിൽ അചഞ്ചലനും അഹിംസയിലും ക്രിയാത്മക പ്രവർത്തനത്തിലും ഉറച്ച വിശ്വാസിയുമാണ്. അദ്ദേഹം ഒരു മികച്ച ചിന്തകനായിരുന്നു എന്നും മഹാത്മാ ഗാന്ധിയുടെ വാക്കുകൾ കടമെടുത്തു കൊണ്ട് മോദി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം ആചാര്യ വിനോബ ഭാവേ ഉദാത്തമായ ഗാന്ധിയൻ തത്വങ്ങൾ മുന്നോട്ടു കൊണ്ടുപോയി. അദ്ദേഹത്തിന്റെ ബഹുജന പ്രസ്ഥാനങ്ങൾ പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കൂട്ടായ മനോഭാവത്തിന് അദ്ദേഹം നൽകിയ ഊന്നൽ എപ്പോഴും തലമുറകൾക്ക് പ്രചോദനമായി തുടരുമെന്നും മോദി ട്വീറ്റ് ചെയ്തു.