പറമ്പു കിളക്കും,മരം കയറും; പാതിയറ്റ കാലിൽ ഗോപി അതിജീവനത്തിലാണ്...

Saturday 11 September 2021 9:10 PM IST

കാഞ്ഞങ്ങാട്: മുട്ടിനു താഴെ മാത്രമുള്ള ഇടതുകാൽ ക്രച്ചസിൽ ഉറപ്പിച്ച് പറമ്പുകിളക്കുകയും മരത്തിൽ കയറുകയും ചെയ്യുന്ന ഗോപി നാട്ടുകാർക്ക് അത്ഭുതമാണ്. ആരെയും കാണിക്കാനല്ല, കുടുംബം പുലർത്താനാണ് ഈ അദ്ധ്വാനം.നിശ്ചയദാ‌ർഢ്യം ഒന്നുകൊണ്ട് മാത്രം ചെങ്കുത്തായ തന്റെ കൃഷിയിടത്തിലേക്കുള്ള വഴിയേയും തോൽപ്പിച്ചാണ് ഇദ്ദേഹത്തിന്റെ ഓരോദിവസവും പുരോഗമിക്കുന്നത്.

കോടോം ബേളൂർ പഞ്ചായത്തിലെ നാലാം വാർഡിൽപെടുന്ന മേക്കോടോത്തു സ്വദേശിയായ ഇദ്ദേഹത്തിന് ഊന്നുവടിയുടെ സഹായമില്ലാതെ പുറത്തിറങ്ങാൻ കഴിയില്ല.63 കാരനായ ഗോപിക്ക് 23 വർഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ് ഇടതു കാൽ നഷ്ടമായത്. മരത്തടിയുമായി പിക്കപ്പിൽ മില്ലിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ടു മറിഞ്ഞ ലോറിക്കടിയിൽ കാൽ പെടുകയുമായിരുന്നു.ആശുപത്രിയിൽ എത്തി മണിക്കൂറുകൾക്കകം തന്നെ കാൽ മുറിച്ചു മാറ്റേണ്ടി വന്നു. ചികിത്സ കഴിഞ്ഞ് വീട്ടിൽ തിരികെയെത്തിയ ഇദ്ദേഹത്തിന് ഭാര്യയും മക്കളും അടങ്ങുന്ന നാലംഗ കുടുംബത്തിന്റെ ഉപജീവനത്തിന് എഴുന്നേറ്റു നടന്നേ മതിയാകുമായിരുന്നുള്ളു. ക്രച്ചസുമായി പതിയെ പറമ്പിലേക്കിറങ്ങി ചുവടുറപ്പിക്കുകയായിരുന്നു ഈ മനുഷ്യൻ.

കൃഷി ചെയ്യാനായി അയൽവാസി സൗജന്യമായി വിട്ടുനൽകിയ പറമ്പിൽ പലവിധ വിളകളാണ് വളരുന്നത്. തെങ്ങിന് തടം വെട്ടാനും തേങ്ങാ പൊതിക്കാനും മരത്തിൽ കയറാനും നാട്ടുകാരുടെ വിളപ്പുറത്തുണ്ട് ഇദ്ദേഹം. കൊവിഡ് കാലമാണ് ഇദ്ദേഹത്തെ മുഴുവൻ സമയ കൃഷിക്കാരനായത്.

വികലാംഗ പെൻഷനും അടുത്തിടെ മാത്രം റേഷൻ കാർഡ് അന്നപൂർണ വിഭാഗത്തിലായതുമാണ് സർക്കാരിൽ നിന്നും ഇദ്ദേഹത്തിന് കിട്ടിയ കാര്യമായ സഹായം. എന്നാൽ പലവിധ കാരണങ്ങൾ പറഞ്ഞ് ക്ഷേമനിധിയിൽ അടച്ച തുക തിരിച്ചുനൽകാതെ അധികാരികൾ ക്രൂരത കാട്ടുന്നുവെന്ന പരാതിയും ഗോപിയ്ക്കുണ്ട്.ഭാര്യ സരോജിനിയും മക്കളായ ദിവ്യയും ശ്രീരാജുമാണ് ഗോപിയുടെ കുടുംബം.

Advertisement
Advertisement