ഐ ലീഗ് സെക്കൻഡ് ഡിവിഷനിലേക്ക് നാല് താരങ്ങൾ: തൃക്കരിപ്പൂർ വീണ്ടും ദേശീയതലത്തിൽ പന്തുതട്ടും

Saturday 11 September 2021 9:31 PM IST

തൃക്കരിപ്പൂർ:ചെറിയൊരു ഇടവേളക്ക് ശേഷം തൃക്കരിപ്പൂരിൽ നിന്ന് ഫുട്ബാളിൽ വീണ്ടും താരോദയങ്ങൾ. ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങൾ കളിച്ച് ശ്രദ്ധേയരായ മുഹമ്മദ് റാഫി , എം.സുരേഷ് അടക്കം ഒരു ഡസനിലധികം പ്രൊഫഷണൽ ഫുട്ബാൾ പ്രതിഭകൾക്ക് ജന്മം നൽകിയ തൃക്കരിപ്പൂരിൽ നിന്ന് ബെംഗളൂരു എച്ച്.എ.എൽ എഫ്.സി ഇക്കുറി ആദ്യം തന്നെ രിഹ്ഫത്ത് റംസാനെ സൈൻ ചെയ്യുകയായിരുന്നു.

പിന്നാലെ ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ കളിക്കുന്ന കേരള ടീമിലേക്ക് നൗഫൽ മെട്ടമ്മൽ, റിസ്‌വാനലി വൾവക്കാട്, നിതിൻ കൃഷ്ണൻ ഇളമ്പച്ചി ആദർശ് കാലിക്കടവ് എന്നിവർക്കും സൈനിംഗ് ലഭിച്ചു.

ഒക്ടോബറിൽ ബാംഗ്ലൂരുവിൽ നടക്കുന്ന ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഈ നാലുപേരും കേരള യുണൈറ്റഡ് എഫ്.സിക്കായി ജഴ്സിയണിയും. . ഇന്ത്യയിൽ നിന്നുള്ള പത്ത് ടീമുകൾ കളിക്കുന്ന ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നും കേരള യുണൈറ്റഡ് എഫ്.സി.ടീമിനെ മാത്രമാണുള്ളത്.

മേയ്ഡ് ഇൻ ജി.എച്ച്.എസ്.എസ് തൃക്കരിപ്പൂർ

സന്തോഷ് ട്രോഫി ടൂർണ്ണമെന്റിൽ തൃക്കരിപ്പൂരിലെ കളിക്കാരുടെ സാന്നിദ്ധ്യം എക്കാലത്തുമുണ്ടായിരുന്നു. മുഹമ്മദ് റാഫി ,സഹോദരന്മാരായ റാസി , ഷാഫി , സി. തമ്പാൻ, പി.കുഞ്ഞികൃഷ്ണൻ എം. സുരേഷ്, സഹോദരൻ സുധീഷ് , എടാട്ടുന്മലിലെ ടി.വി. ബിജുകുമാർ , സജിത്, സജേഷ്, നജേഷ് , എ. പ്രവീൺ കുമാർ , എ.ജി. അസ്ലം, മുനീർ കാരോളം, സജീർ വൾവക്കാട് എന്നിങ്ങനെ വിവിധ പ്രൊഫഷണൽ ടീമുകളിൽ കളിച്ചവരുടെ എണ്ണം അനവധി. തൃക്കരിപ്പൂർ ഗവ ഹയർസെക്കൻഡറി സ്കൂളിലെ കായികാദ്ധ്യാപകനായിരുന്ന എ.രാമകൃഷ്ണന്റെ കീഴിൽ പരിശീലനം നടത്തിയവരാണ് സംസ്ഥാന,ദേശീയ തലത്തിൽ ശ്രദ്ധേയരായ ഈ താരങ്ങളെല്ലാം.എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബ്ബ്, ആക്മി തൃക്കരിപ്പൂർ, ഹിറ്റാച്ചി തൃക്കരിപ്പൂർ , റെഡ് സ്റ്റാർ ഇളമ്പച്ചി , ഉദിനൂർ സെന്റർ യൂണിറ്റി തുടങ്ങിയവയാണ് താരങ്ങളെ വാർത്തെടുത്ത ക്ലബ്ബുകളിൽ പ്രധാനപ്പെട്ടവ. നിലവിൽ പുതു താരങ്ങളെ കണ്ടെത്താനായി എം.ബി.എം. അക്കാഡമി, ഇ.കെ.നായനാർ അക്കാഡമി, തൃക്കരിപ്പൂർ അക്കാഡമി തുടങ്ങിയവയും പുതിയ പ്രതിഭകളെ കണ്ടെത്താൻ സജീവമായുണ്ട്.

Advertisement
Advertisement