കാട്ടാന ശല്യമൊഴിവാക്കാൻ വീണ്ടും 'ഓപ്പറേഷൻ ഗജ' : കേരള-കർണ്ണാടക യോഗം ചേർന്നു

Saturday 11 September 2021 9:44 PM IST

കാസർകോട്: വനാതിർത്തികളിലെ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഓപെറേഷൻ ഗജ പുനരാരംഭിക്കുന്നു. ആനകളെ ഉൾക്കാട്ടിലേക്ക് തുരത്തുന്നതിനായി കേരളത്തിലെയും ദക്ഷിണ കന്നഡയിലെയും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ യോഗത്തിലാണ് തീരുമാനം.

കാട്ടാനയുൾപെടെ വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്ന് കാസർകോട് നടന്ന മന്ത്രിതല യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഇരു സംസ്ഥാനങ്ങളിലെയും ഉന്നതോദ്യോഗസ്ഥർ യോഗം ചേർന്നത്. യോഗത്തിൽ സി .സി. എഫ്. ഡി .കെ വിനോദ് കുമാർ, മംഗളുരു ഡി .സി. എഫ് വി. കെ. ദിനേശ് കുമാർ, കാസർകോട് ഡി. .എഫ്.. ഒ പി .ധനേഷ് കുമാർ, എ .സി .എഫ് അജിത് കെ .രാമൻ, ഇരു സംസ്ഥാനങ്ങളിലെയും റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

യോഗതീരുമാനങ്ങൾ

കാട്ടാനകളെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചെത്തിക്കും

കാസർകോട് റേഞ്ചിൽ തമ്പടിച്ചിട്ടുള്ള ആനകളെ സുള്ള്യ വനത്തിലേക്ക് എത്തിക്കും

കാഞ്ഞങ്ങാട് റേഞ്ചിലുള്ള ആനകളെ തലക്കാവേരി വനത്തിനകത്തേക്ക് കടത്തിവിടും

വനമേഖലയിലെ വേട്ടയാടൽ, കഞ്ചാവ് കൃഷി, വനാതിർത്തികളിലെ മദ്യ നിർമ്മാണം തുടങ്ങിയവയിൽ വിവരം കൈമാറും

സംയുക്ത പരിശോധന നടത്തും

വനംവന്യജീവി നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി

അതിർത്തിഗ്രാമങ്ങളെ തകർത്ത് കാട്ടാനകൾ

കാസർകോട് ജില്ല രണ്ടറ്റത്തെ മലയോരമേഖലയും കർണാടക വനത്തിൽ നിന്നെത്തുന്ന കാട്ടാനക്കൂട്ടത്തിന്റെ സ്വൈര്യവിവാരഭൂമിയായിരിക്കുകയാണ്. കാസർകോട് താലൂക്കിലെ കുറ്റിക്കോൽ,​ബേഡഡുക്ക,​ മുളിയാർ പഞ്ചായത്തുകളും വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിന്റെ പല മേഖലകളും കാട്ടാനകൾ വൻകൃഷിനാശമാണ് ദിവസം തോറും വരുത്തിവെക്കുന്നത്. കനത്തമഴയിലും കാടിറങ്ങി വരുകയാണ് കാട്ടാനക്കൂട്ടം. ജ കാർഷിക വിളകൾ അപ്പാടെ പിഴുതെറിയുന്ന കാട്ടാനകൾ കർഷകരെ കണ്ണീരിലാഴ്ത്തുകയാണ്. 2020ൽ ഓപ്പറേഷൻ ഗജ ആവിഷ്കരിച്ച് സംയുക്ത നീക്കം നടത്തിയപ്പോൾ കാട്ടാനകളെ മടക്കിയയക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഒരിക്കൽ കൂടി ഇത് നടപ്പാക്കാൻ ഉദ്യോഗസ്ഥതലത്തിൽ തീരുമാനമെടുത്തിരിക്കുന്നത്.

Advertisement
Advertisement