ലഭിച്ചത് രണ്ട് സംസ്ഥാന പുരസ്കാരം: അങ്കണവാടിയിൽ ആറളത്തിന് ഇരട്ടനേട്ടം

Saturday 11 September 2021 10:02 PM IST
മികച്ച അങ്കണവാടിക്കുള്ള അവാർഡ് നേടിയ വെളിമാനം അങ്കണവാടി.

ഇരിട്ടി : അങ്കണവാടി രംഗത്ത് ഇരട്ട ബഹുമതിയുമായി ആറളം ഗ്രാമ പഞ്ചായത്ത്. ജില്ലയിലെ ഏറ്റവും മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ഏറ്റവും മികച്ച വർക്കർക്കുള്ള അവാർഡും ആറളത്തിന് ലഭിച്ചു. പഞ്ചായത്തിലെ 43–ാം നമ്പർ വെളിമാനം അങ്കണവാടി മികച്ച അങ്കണവാടിക്കുള്ള അവാർഡ് നേടിയപ്പോൾ മികച്ച വർക്കർക്കുള്ള അവാർഡ് ആറളം ഫാമിലെ 54–ാം നമ്പർ കാളികയം അങ്കണവാടിയിലെ സി .കെ. നിഷയും നേടി. ആദിവാസി പുനരധിവാസ മേഖലയിൽ അടക്കം 37 അങ്കണവാടികൾ നിലവിലുള്ള പഞ്ചായത്താണ് ആറളം.
2019– 20 വർഷത്തെ പ്രവർത്തന മികവിനാണ് നിഷക്ക് പുരസ്‌കാരം ലഭിച്ചത് . ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ ഒമ്പത് അങ്കണവാടികളിലൊന്നാണിത്. കഴിഞ്ഞ പതിനൊന്ന് വർഷമായി നിഷ അങ്കണവാടി വർക്കറായി ജോലി ചെയ്യുന്നു. രണ്ട് മക്കളുണ്ട്. ആറളം കീച്ചേരി സ്വദേശിനിയാണ്. സംസ്ഥാനതലത്തിൽ നടത്തുന്ന അവാർഡ് വിതരണ ചടങ്ങിൽ നിഷ പുരസ്‌കാരം ഏറ്റുവാങ്ങും.

ഒ.വിമലക്കും സംസ്ഥാന അംഗീകാരം

പയ്യന്നൂർ : മികച്ച അങ്കണവാടി അദ്ധ്യാപികമാർക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരത്തിന് രാമന്തളിയിലെ ഒ . വിമലയും അർഹയായി.2007 മുതൽ എട്ടിക്കുളം പുഞ്ചിരിമുക്ക അങ്കണവാടി അദ്ധ്യാപികയായ വിമല , പൊതുജനങ്ങളുടെ സഹകരണത്തോടെ ഇവിടെ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും സർക്കാർ പദ്ധതികൾ പൂർണ്ണമായും ഗുണഭോക്താക്കൾക്ക് എത്തിച്ചതും പരിഗണിച്ചാണ് പുരസ്ക്കാരം. പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന അങ്കണവാടിയിൽ ന്യൂട്രി ഗാർഡൻ ഒരുക്കിയതും പരിഗണനക്ക് കാരണമായി. നേരത്തെ പഞ്ചായത്തിന്റെ ശുചിത്വ അവാർഡും അങ്കണവാടിക്ക് ലഭിച്ചിരുന്നു. രാമന്തളി കുരിശു മുക്ക് സ്വദേശിനിയായ വിമല പൊതുപ്രവർത്തകയും ഇന്ത്യൻ നാഷണൽ അംഗൻവാടി വർക്കേഴ്സ് എംപ്ലോയിസ് ഫെഡറേഷൻ ജില്ലാ ഭാരവാഹിയും ബി. എൽ. ഒ. യും കുടുംബശ്രീ സി ഡി എസ് മെമ്പറുമാണ്. ബാലകൃഷ്ണനാണ് ഭർത്താവ്.ഹൃദ്യ , ഹൃദിൻ എന്നിവർ മക്കളാണ്.

Advertisement
Advertisement