ക്ഷേത്ര വികസനം ലക്ഷ്യം : മന്ത്രി കെ. രാധാകൃഷ്ണൻ

Saturday 11 September 2021 10:51 PM IST

കൊടുങ്ങല്ലൂർ: ക്ഷേത്രങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ നശിപ്പിക്കുകയല്ല സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയാണ് സർക്കാർ നയമെന്നും ക്ഷേത്രത്തിന്റെ ഒരു തരിമണ്ണ് പോലും നഷ്ടപ്പെടില്ലെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന അക്കൊമഡേഷൻ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആചാരവും പാരമ്പര്യവും സംരക്ഷിച്ച് ക്ഷേത്രങ്ങളുടെ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കിഫ്‌ബിയിൽ നിന്നുള്ള പണമുപയോഗിച്ച് 150 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ക്ഷേത്രങ്ങളിൽ നടത്തുന്നത്. കൊടുങ്ങല്ലൂർ ദേവി ക്ഷേത്രത്തിൽ 5.11 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ഇത്തരം വികസനം നടപ്പാക്കുമ്പോൾ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവർ പിൻവാങ്ങണമെന്നും മനുഷ്യരെ ഒന്നിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. വി.ആർ സുനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി, ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ, മുസിരിസ് പദ്ധതി എം.ഡി പി.എം നൗഷാദ്, കെ. സുനിൽ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement