മോഹൻലാലിന്റെ കാർ അനുമതിയില്ലാതെ കടത്തിവിട്ട സെക്യൂരിറ്റിക്കെതിരെ നടപടിക്ക് നീക്കം

Saturday 11 September 2021 10:57 PM IST

ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തിയ നടൻ മോഹൻലാലിന്റെ കാർ മുൻകൂർ അനുമതി വാങ്ങാതെ ക്ഷേത്രത്തിന് സമീപത്തേയ്ക്ക് കടത്തിവിട്ട സെക്യൂരിറ്റി ജീവനക്കാരെ ജോലിയിൽ നിന്നും പുറത്താക്കാൻ നീക്കം. സെക്യൂരിറ്റി ജീവനക്കാരെ ജോലിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ചീഫ് സെക്യൂരിറ്റി ഓഫീസർക്ക് നോട്ടീസ് നൽകി. ഗുരുവായൂരിൽ വ്യാഴാഴ്ച നടന്ന പ്രമുഖ വ്യവസായിയുടെ മകന്റെ വിവാഹത്തിന് പങ്കെടുക്കുന്നതിനായാണ് മോഹൻലാലെത്തിയത്. അന്നേ ദിവസം പുലർച്ചെ മൂന്നിന് മോഹൻലാൽ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്ത് നാരായണാലയത്തിന് സമീപമുള്ള ഗേറ്റ് വഴിയാണ് നടന്റെ കാർ ക്ഷേത്ര പരിസരത്തേക്ക് പ്രവേശിച്ചത്. സാധാരണ വി.ഐ.പി വാഹനങ്ങൾ തെക്കെനട വഴിയാണ് ക്ഷേത്ര പരിസരത്തേക്ക് കടത്തിവിടാറ്. മുൻകൂർ അനുമതി വാങ്ങാതെ വടക്കേ നടയിലെ ഗേറ്റ് തുറന്ന് വാഹനം കടത്തി വിട്ടതിനാണ് ജയൻ, മണികണ്ഠൻ എന്നീ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ നടപടിക്കൊരുങ്ങുന്നത്.

Advertisement
Advertisement