അപകടം കുറയ്ക്കാനും വേഗം കൂട്ടാനും ജി.പി.എസ്, ട്രെയിനുകൾ പരസ്പരം അറിഞ്ഞ് ഓടും

Sunday 12 September 2021 12:00 AM IST

തിരുവനന്തപുരം: അപകടങ്ങൾ കുറച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സർവീസുകൾ കാര്യക്ഷമമാക്കാനും ട്രെയിനുകളിൽ ഉപഗ്രഹ സാങ്കേതിക വിദ്യയായ ജി. പി. എസ് (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം)​ രാജ്യത്താകെ നടപ്പാക്കുന്നു.

റെയിൽവേ നേരത്തേ സമർപ്പിച്ച പദ്ധതി പടിപടിയായി നടപ്പാക്കാൻ കേന്ദ്ര ധനവകുപ്പ് സമ്മതിച്ചു. പ്രഖ്യാപനം വൈകാതെ ഉണ്ടാകും. പശ്ചിമ റെയിൽവേ പരീക്ഷിച്ച ജി.പി.എസ് പദ്ധതി വിജയിച്ചതോടെയാണ് രാജ്യവ്യാപകമാക്കുന്നത്.

നിലവിൽ 2,​700 ഇലക്ട്രിക് ലോക്കോമോട്ടീവുകളിലും 3,​800 ഡീസൽ ലോക്കോമോട്ടീവുകളിലും ജി. പി. എസ് ഉണ്ട്. ഇക്കൊല്ലം ഡിസംബറോടെ 6000 ലോക്കോമോട്ടീവുകളിൽ കൂടി ജി. പി. എസ് ഘടിപ്പിക്കും. ഇപ്പോൾ അബ്സൊല്യൂട്ട് ബ്ലോക്ക് സിസ്റ്റത്തിലുള്ള ഡിവിഷനുകളെ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സിസ്റ്റത്തിലേക്കും പിന്നീട് ജി.പി.എസിലേക്കും മാറ്റും.

ജി. പി. എസ് പ്രയോജനം

ട്രെയിനുകൾ,​ എൻജിനുകൾ,​ മെയിന്റനൻസ് വെഹിക്കിളുകൾ തുടങ്ങിയവ തത്സമയം നിരീക്ഷിക്കാം

ജി. പി. എസിനെ കമ്പ്യൂട്ടറുകൾ,​ സെൻസറുകൾ,​ കമ്മ്യൂണിക്കേഷൻ സങ്കേതങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ച് റെയിൽ സുരക്ഷ ഉറപ്പാക്കാം

സിഗ്നലിംഗ് കുറ്റമറ്റതാക്കി ട്രെയിൻ അപകടങ്ങൾ 70 ശതമാനം വരെ കുറയ്ക്കാം

ട്രെയിൻ സർവീസുകൾ കാര്യക്ഷമമാക്കാം.

 ഗേറ്റുകൾ അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കും

ലെവൽക്രോസ് അപകടങ്ങൾ തടയാം.

ലൈനുകളിലൂടെ കൂടുതൽ ട്രെയിനുകൾ കൂടുതൽ വേഗത്തിൽ ഓടിക്കാം

ട്രോളിയിലും ജി. പി. എസ്

പാളങ്ങൾ പരിശോധിക്കുന്ന പട്രോളിംഗ് ട്രോളിയിൽ ജി.പി.എസ് ട്രാക്കർ ഘടിപ്പിച്ചു വരികയാണ്. ട്രാക്കിൽ വിള്ളൽ ഉണ്ടായാൽ, വരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റിനും കൺട്രോൾ റൂമിലേക്കും ജി.പി. എസിലൂടെ വിവരങ്ങൾ കൈമാറാം. പാളത്തിൽ വെള്ളം കയറിയാലും മണ്ണിടിഞ്ഞാലും വിവരം ട്രെയിനുകളിൽ ലഭിക്കും.

കേരളവും മാറുന്നു

കേരളത്തിൽ അബ്സൊല്യൂട്ട് ബ്ലോക്ക് സിസ്റ്റമാണ്. ലൈനുകളെ ബ്ലോക്കുകളായി തിരിച്ച് ഒരു ബ്ലോക്കിൽ ഒരു സമയം ഒരു ട്രെയിൻ മാത്രം അനുവദിക്കുന്ന സംവിധാനമാണിത്. ക്ലിയറിംഗ് മെസേജ് ഗേറ്റ് കീപ്പർ ഉൾപ്പെടെ സ്റ്രേഷൻ മാസ്റ്ററെ അറിയിക്കും. സ്റ്റേഷൻ മാസ്റ്റർ ലോക്കോ പൈലറ്റിനെ അറിയിക്കും.

ഇത് മാറ്റി ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് ആക്കുന്ന ജോലി അന്തിമഘട്ടത്തിലാണ്. ട്രെയിൻ ഒരു ബ്ലോക്കിൽ നിന്ന് അടുത്ത ബ്ലോക്കിലേക്ക് കടക്കുമ്പോൾ സിഗ്നലുകൾ ഓട്ടോമാറ്റിക്കായി കിട്ടുന്ന സംവിധാനമാണിത്. ഒരു ട്രെയിൻ സിഗ്നൽ കടന്നു പോകുമ്പോൾ അടുത്ത ട്രെയിനിന് സിഗ്നൽ ലഭിക്കും. മുന്നിലെ ട്രെയിനിന്റെ വേഗത,​ പിന്നിലെ ട്രെയിനുമായുള്ള ദൂരം എന്നിവ ട്രെയിനിൽ ലഭിക്കും. ഗേറ്റ് അടച്ചത് ലോക്കോ പൈലറ്റിന് നേരിട്ട് അറിയാം. ഡൽഹി, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഈ സംവിധാനമാണ്.

കുതിക്കും

കേരളത്തിൽ ട്രെയിനുകളുടെ നിർദ്ദിഷ്‌ട വേഗത 90 കിലോമീറ്റർ. ഓടുന്നത് 60 കിലോമീറ്ററിൽ

കേരളത്തിനു പുറത്ത് 120 മുതൽ 160 വരെ

സിഗ്നൽ പരിഷ്കരിക്കുമ്പോൾ 30 കിലോമീറ്റർ വരെ വേഗത കൂടും

മുന്നറിയിപ്പുമായി സുപ്രീംകോടതി

റെയിൽവേ 2019ലാണ് ജി. പി. എസ് പദ്ധതി സമർപ്പിച്ചത്. ചെലവ് കാരണം ധനവകുപ്പ് അനുവാദം നൽകിയില്ല. ട്രെയിനുകൾ വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന സെപ്തംബ‌ർ 8ലെ സുപ്രീംകോടതി ഉത്തരവ് പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തുന്നതായി.

ട്രെയിനുകൾക്ക് കൂകിപ്പായാൻ ജി.പി.എസ്

ട്രെയിനുകൾക്ക് സുരക്ഷ ഉറപ്പാക്കി

വേഗം കൂട്ടാൻ ജി.പി.എസ്