കല്ലറ മാർക്കറ്റ് ആധുനിക നിലവാരത്തിലേക്ക്

Sunday 12 September 2021 12:37 AM IST

കല്ലറ: കല്ലറ ഗ്രാമപഞ്ചായത്തിലെ കല്ലറ മാർക്കറ്റ് ഇനി ആധുനിക നിലവാരത്തിലാകും. അത്യാധുനിക രീതിയിൽ നവീകരിക്കുന്നതിന് കിഫ്ബിയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസത്തെ ബോർഡ് യോഗത്തിലാണ് അംഗീകാരം നൽകിയത്.

ജില്ലയിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായിരുന്നു കൊച്ചാലപ്പുഴ എന്നറിയപ്പെട്ടിരുന്ന കല്ലറ ചന്ത. രണ്ടു പതിറ്റാണ്ട് മുൻപ് വരെ ചന്തയിൽ തിരക്കായിരുന്നു. ഇന്ന് ഇവിടെ ആളും പേരും ഒഴിഞ്ഞു ഒരു ദുരന്ത സ്മാരകം പോലെയായിരിക്കുകയാണ്. മലയോര പ്രദേശമായിരുന്നതിനാൽ നാണ്യവിളകൾ കൊണ്ട് സമ്പുഷ്ടമായിരുന്നു കല്ലറ ചന്ത. എല്ലാദിവസവും ചന്ത കൂടുമെങ്കിലും തിങ്കൾ വ്യാഴം ദിവസങ്ങളിലാണ് പ്രധാന വ്യാപാരം നടക്കുന്നത്.

ഇന്ന് പഴയചന്ത എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു കല്ലറ ചന്ത. പിൻക്കാലത്ത് ഇന്നത്തെ ബസ് സ്റ്റാൻഡ് ഇരിക്കുന്ന സ്ഥലത്തേക്കും പിന്നീട് ഇപ്പോഴത്തെ സ്ഥലത്തേക്കും മാറ്റി.

കല്ലറ ടൗണിലെ മാലിന്യം കത്തിക്കുന്ന കേന്ദ്രമായി മാത്രം മാറി കല്ലറ ചന്ത. ചന്തയ്ക്കുള്ളിൽ വ്യാപാരം നടത്തിയിരുന്നവരും ഉപജീവനമാർഗം എന്ന നിലയിൽ ചന്തയിൽ ചെറിയ തട്ടുകൾ നടത്തുന്നവരും ബുദ്ധിമുട്ടിലായി. ചന്ത ദിവസങ്ങളിൽ പോലും അമ്പതിൽ താഴെ ആളുകളെ എത്താറുള്ളൂ.

കല്ലറ ചന്തയുടെ പ്രതാപം വീണ്ടെടുക്കാൻ നടപടി വേണമെന്ന് കേരള കൗമുദിയും വാർത്ത നൽകിയിരുന്നു. തുടർന്ന് ഡി.കെ. മുരളി ഇടപെടുകയും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു

നിർമ്മിക്കുന്നത്

രണ്ടു നിലകളിലായി പണിയുന്ന മാർക്കറ്റിൽ ശീതീകരിച്ച മുറി

ഐസ് സൂക്ഷിക്കുന്ന മുറി

മഴവെള്ള സംഭരണി

ബയോഗ്യാസ് പ്ലാന്റ്

ഓഫീസ് റൂം

ലേല ഹാൾ

13 കടകളും 27 ഫിഷ്‌ സ്റ്റാളുകളും

നിലവിലെ മാർക്കറ്റ് സ്ഥിതിചെയ്യുന്ന ഒരേക്കർ ഭൂമിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക.

അടങ്കൽ തുക - 3 കോടി 6884897 രൂപ

ഫണ്ട് - കിഫ്ബി

നാണ്യവിളകളുടെ ചന്ത

കുരുമുളക്, കശുഅണ്ടി, അടയ്ക്ക, വെറ്റില, ഇഞ്ചി, മഞ്ഞൾ, പുളി, നാളീകേരം, കൊപ്ര, വെളിച്ചെണ്ണ തുടങ്ങിയവയാണ് ഇവിടെ കർഷകർ എത്തിച്ചിരുന്നതിൽ അധികവും. വിവിധ ജില്ലകളിലും തമിഴ്നാട്ടിലും നിന്നുള്ള മൊത്തക്കച്ചവടക്കാർ ഇവിടെ എത്തി സാധനങ്ങൾ വാങ്ങുമായിരുന്നു.

ദീർഘവീക്ഷണത്തോടെ അല്ലാതെയുള്ള കെട്ടിട നിർമ്മാണവും അധികൃതരുടെ ഭാഗത്തുനിന്ന് ചന്തയോടുള്ള അലംഭാവവും കൂടിയായപ്പോൾ ചന്തയിലേക്ക് ആളുകൾ വരാതെയായി. കാർഷികവൃത്തി യോടുള്ള സമീപനം മാറിയതും പ്രശ്നമായി. കശുവണ്ടി, കുരുമുളക് തുടങ്ങിയ കൃഷികൾ ഉപേക്ഷിച്ച് കർഷകർ റബർ കൃഷി നടത്തിയതോടെ ചന്തയിലേക്ക് കാർഷിക വിഭവങ്ങൾ എത്താതാവുകയും മൊത്തക്കച്ചവടക്കാർ ചന്തയിൽ എത്താതാവുകയും ചെയ്തു. പച്ചക്കറിയും മീനുമെല്ലാം വീട്ടുപടിക്കൽ കിട്ടിയപ്പോൾ ചന്തയെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു.