അഫ്ഗാൻ: ആശങ്കകൾ പങ്കുവച്ച് ഇന്ത്യയും ആസ്ട്രേലിയയും

Sunday 12 September 2021 1:34 AM IST

ന്യൂഡൽഹി: അഫ്ഗാനിസ്ഥാന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഡൽഹിയിൽ നടക്കുന്ന ഇൻഡോ - ആസ്ട്രേലിയ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ 2+2 സമ്മേളനം ചൂണ്ടിക്കാട്ടി. ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസെ പേയ്‌നെയും പ്രതിരോധമന്ത്രി പീറ്റർ ഡട്ടനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

ഭീകരരുടെ പരിശീലനക്കളരിയായി അഫ്ഗാൻ വീണ്ടും മാറാൻ അനുവദിക്കരുതെന്ന കാര്യത്തിൽ ഇന്ത്യയ്ക്കും ആസ്ട്രേലിയയ്ക്കും ഒരേ അഭിപ്രായമാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കറും മാരിസെ പേയ്‌നെയും പറഞ്ഞു. കാബൂളിലെ ഭരണകൂടം ഇല്ലാതായി. അഫ്ഗാന്റെ ഭാവി കടുത്ത ആശങ്കയായി അവശേഷിക്കുന്നു.

അഫ്ഗാനിലെ പൗരൻമാർക്കും വിദേശികൾക്കും രാജ്യം വിടാൻ അവസരമൊരുക്കണം. കഴിഞ്ഞ 20 വർഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് അന്താരാഷ്‌ട്ര സമൂഹം ഉറ

പ്പാക്കിയ മികച്ച സാഹചര്യങ്ങൾ ഇല്ലാതാകരുതെന്നും മാരിസെ പറഞ്ഞു.

യു.എൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്രസമൂഹം അഫ്ഗാൻ കാര്യത്തിൽ ഒന്നിച്ചു നിൽക്കണമെന്ന് എസ്. ജയശങ്കർ ചൂണ്ടിക്കാട്ടി. ഇന്ത്യയും ആസ്ട്രേലിയും യു.എസും ജപ്പാനും അടങ്ങിയ ക്വാഡ് കൂട്ടായ്മ ലോകത്തിന്റെ ഭാവി മുന്നിൽ കണ്ടാണ് പ്രവർത്തിക്കുന്നത്.

എ.ഐ, ഡ്രോൺ വിദ്യകളിൽ സഹകരണം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോൺ സാങ്കേതികവിദ്യകളിൽ പുതിയ സാദ്ധ്യതകൾ തേടാൻ ഇന്ത്യയും ആസ്ട്രേലിയും ധാരണയിലെത്തി. ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷയും ഉഭയകക്ഷി ബന്ധവും പ്രതിരോധ സഹകരണവും വാണിജ്യവും കൂടുതൽ മെച്ചപ്പെടുത്താനുള്ള നടപടികളും ചർച്ചയായെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇൻഡോ-ആസ്ട്രേലിയ സംയുക്ത നാവിക അഭ്യാസമായ മലബാർ പോലെ എല്ലാ സേനാവിഭാഗങ്ങൾക്കിടയിലും സഹകരണം ശക്തമാക്കും.

വിദ്യാർത്ഥികൾക്ക് അനുമതി ഉടൻ

രാജ്യത്ത് വാക്സിനേഷൻ പുരോഗമിക്കുന്നത് പ്രകാരം കോളേജുകൾ തുറക്കുമെന്നും ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുമെന്നും ആസ്ട്രേലിയൻ വിദേശകാര്യമന്ത്രി മാരിസെ പേയ്‌നെ അറിയിച്ചു. വിദേശ യാത്രാ നിരോധനം നീങ്ങിയാൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ താനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കും ആസ്ട്രേലിയക്ക്മിടയിൽ സുദൃഢമായ ബന്ധമാണുള്ളതെന്നും ക്വാഡ്, ആസിയാൻ കൂട്ടായ്മകൾ അതു കൂടുതൽ വിപുലപ്പെടുത്തുന്നതായും മാരിസ് ചൂണ്ടിക്കാട്ടി.

താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി

കാബൂൾ: അമേരിക്കയിൽ ഇരുപതുവർഷം മുമ്പുണ്ടായ ഭീകരാക്രമണത്തിന്റെ വാർഷിക ദിനമായ ഇന്നലെ ഇടക്കാല സർക്കാരിന്റെ സത്യപ്രതിജ്ഞ നടത്താനുള്ള നീക്കം താലിബാൻ ഉപേക്ഷിച്ചു. താലിബാന്റെ സാംസ്‌കാരിക കമ്മിഷൻ അംഗമായ ഇനാമുള്ള സമാംഗാനിയാണ് ചടങ്ങ് റദ്ദാക്കിയ വിവരം അറിയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങ് സെപ്തംബർ 11ന് നടത്തിയാൽ അത് മനുഷ്യത്വമില്ലായ്മയായി കണക്കാക്കുമെന്ന് യു.എസും സഖ്യകക്ഷികളും താലിബാനുമായുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിയ ഖത്തറിനെ അറിയിച്ചിരുന്നു. ഖത്തറാണ് താലിബാനെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് വിവരം.ഭരണകൂടത്തിന്റെ ആഗോള അംഗീകാരത്തിന്റെ സാദ്ധ്യതകളെ ഇത്തരമൊരു നീക്കം സാരമായി ബാധിക്കുമെന്ന് താലിബാൻ തിരിച്ചറിയുകയും ചെയ്തു. താലിബാനായി വനിതാ റാലി കാബൂളിൽ താലിബാൻ നേതൃത്വത്തിന് പിന്തുണയുമായി നൂറുകണക്കിന് സ്ത്രീകൾ പ്രകടനം നടത്തിയതായി റിപ്പോർട്ട്. ശരീരം മുഴുവൻ മൂടിയ വസ്ത്രം ധരിച്ച സ്ത്രീകൾ താലിബാൻ പതാകയും താലിബാനെ പിന്തുണയ്ക്കുന്നുവെന്നെഴുതിയ പ്ലക്കാഡുകളുമേന്തിയാണ് പ്രകടനത്തിൽ പങ്കെടുത്തത്. തോക്കുധാരികളായ താലിബാൻ ഭീകരരും ഇവരോടൊപ്പമുണ്ടായിരുന്നു. താലിബാൻ ഭരണത്തിൽ തൃപ്തരാണെന്നും അഫ്ഗാൻ വിട്ടുപോയ സ്ത്രീകൾ തങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നുമുള്ള ബാനറുകളും ഇവർ കൈയിലേന്തിയിരുന്നു. പ്രകടനം നടത്തണമെന്നാവശ്യപ്പെട്ട് സ്ത്രീകളാണ് മുന്നോട്ട് വന്നതെന്നും അവർക്ക് അനുമതി നൽകുകയായിരുന്നുവെന്നും താലിബാൻ വക്താവ് അറിയിച്ചു.

Advertisement
Advertisement