ഐക്യമാണ് നമ്മുടെ ശക്തി 9/11 ദിനത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് ബൈഡൻ

Sunday 12 September 2021 1:41 AM IST

വാഷിംഗ്ടൺ : വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലി അർപ്പിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. 9/11 ആക്രമണം നൽകിയത് വലിയൊരു പാഠമാണെന്നും മോശം സമയത്തും ഐക്യമാണ് അമേരിക്കയുടെ ഏറ്റവും വലിയ ശക്തിയെന്നും ബൈഡൻ പറഞ്ഞു. ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷിക വേളയിൽ ആറു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 90 രാജ്യങ്ങളിൽ നിന്നുളള പൗരന്മാർക്ക് ആദരാഞ്ജലികൾ. നിങ്ങളെയും നിങ്ങൾക്ക് പ്രിയപ്പെട്ടവരെയും അമേരിക്ക സ്മരിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു. ഭീകരാക്രമണത്തിന് ഇരയായ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു.രക്ഷാ പ്രവർത്തനം നടത്താൻ രാപ്പകൽ ഭേദമില്ലാതെ യത്നിച്ച സുരക്ഷാ സേന, ആരോഗ്യ പ്രവർത്തകർ,​ സന്നദ്ധ സംഘടനകൾ തുടങ്ങിയവരെ ആദരിക്കുന്നതായും അദ്ദേഹം അറിയിച്ചു. 2001 സെപ്റ്റംബർ 11 നായിരുന്നു അമേരിക്കയെ ഞെട്ടിച്ച ഭീകരാക്രമണ പരമ്പര അരങ്ങേറിയത്. രണ്ട് യാത്രാവിമാനങ്ങൾ റാഞ്ചിയ അൽഖ്വയിദ ഭീകരർ മിനിട്ടുകളുടെ വ്യത്യാസത്തിൽ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലൊന്നിൽ ഇടിച്ചു കയറ്റി.

മൂന്നാമതൊരു വിമാനം യു.എസ് സൈനിക ആസ്ഥാനമായ പെന്റഗണിൽ ചെന്നിടിച്ചു. നാലാം വിമാനം വൈറ്റ്ഹൗസിൽ നിന്ന് കുറച്ചകലെയുള്ള പെൻസിൽവാനിയയിലെ ഒരു വയലിൽ തകർന്നുവീണു.സംഭവത്തിൽ 2977 പേർക്കാണ് ജീവൻ നഷ്ടമായത്. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റിരുന്നു.

ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിക്കാൻ ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. 20 വർഷം മുൻപ് ഇതേ ദിവസം ആക്രമണം നടന്ന സമയം ജനങ്ങൾ ഒരു മിനിട്ട് മൗനമാചരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ,​ എലിസബത്ത് രാജ്ഞി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Advertisement
Advertisement