താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കി

Sunday 12 September 2021 1:43 AM IST

കാബൂൾ: 9/11 ഭീകരാക്രമണ വാർഷിക ദിനത്തിൽ ഇടക്കാല സർക്കാരിന്റെ സത്യപ്രതിജ്ഞ നടത്താനുള്ള നീക്കം ഉപേക്ഷിച്ച് താലിബാൻ. ഇന്നലെ നടത്താനിരുന്ന ഇടക്കാല സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങാണ് സഖ്യകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്ന് താലിബാൻ റദ്ദാക്കിയത്. താലിബാന്റെ സാംസ്‌കാരിക കമ്മീഷൻ അംഗമായ ഇനാമുള്ള സമാംഗാനിയാണ് ചടങ്ങ് റദ്ദാക്കിയ വിവരം അറിയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങ് ഏതാനും ദിവസങ്ങൾക്ക് മുൻപ് റദ്ദാക്കി. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാൻ ഇടക്കാല സർക്കാരിനെ പ്രഖ്യാപിക്കുകയും സർക്കാർ ഇതിനോടകം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. - ഇനാമുള്ള പറഞ്ഞു.

വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികമായ സ്റ്റെപംബർ 11ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താൻ തീരുമാനിച്ച് പാകിസ്ഥാൻ,​ ചൈന,​ റഷ്യ, ഇറാൻ, , ഖത്തർ, എന്നീ രാജ്യങ്ങളെ ക്ഷണിച്ചിരുന്നു. 9/11 വാർഷികത്തിൽ സത്യപ്രതിജ്ഞ നടത്തുന്നത് അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും പുതിയ സർക്കാരിനും ഇടയിലുള്ള പ്രശ്നങ്ങൾ രൂക്ഷമാക്കുമെന്നും ചടങ്ങിൽ പങ്കെടുക്കില്ലെന്നും റഷ്യ അറിയിച്ചതായി
റിപ്പോർട്ടുകളുണ്ട്. താലിബാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മുൻ നിശ്ചചിച്ച പ്രകാരം നടത്തിയാൽ അത് മനുഷ്യത്വമില്ലായ്മയായി കണക്കാക്കുമെന്ന് യുഎസും സഖ്യകക്ഷികളും ഖത്തറിനെ അറിയിച്ചിരുന്നു. താലിബാനും പാശ്ചാത്യ രാജ്യങ്ങളുമായുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നല്കിയ ഖത്തർ തന്നെയാണ് താലിബാനെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് വിവരം. താലിബാൻ ഭരണകൂടത്തിന്റെ ആഗോള അംഗീകാരത്തിന്റെ സാദ്ധ്യതകളെ ഇത്തരമൊരു നീക്കം സാരമായി ബാധിക്കുമെന്ന തിരിച്ചറിവാണ് സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കാൻ താലിബാനെ പ്രേരിപ്പിച്ചത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന രാജ്യത്ത് ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായാണ് താലിബാൻ സത്യപ്രതിജ്ഞ റദ്ദാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. അഫ്ഗാൻ മണ്ണിൽ നിന്ന് യു.എസ് സേനാപിന്മാറ്റം പൂർത്തിയായതിന് പിന്നാലെ ഏറെ ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് താലിബാൻ നേതൃത്വം ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച പ്രഖ്യാപിച്ച മുഹമ്മദ് ഹസ്സൻ അഖുണ്ടിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറിന്റെ ഭാഗമായ 33 മന്ത്രിമാരിൽ നിരവധി പേർ പേർ യു.എൻ, യു.എസ് ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടവരാണ്.

അതേ സമയം കാബൂളിൽ താലിബാൻ നേതൃത്വത്തെ പിന്തുണച്ചു കൊണ്ട് നൂറുകണക്കിന് സ്ത്രീകൾ പ്രകടനം നടത്തി. ശരീരം മുഴുവൻ മൂടിയ തരത്തിലുള്ള വസ്ത്രം ധരിച്ച സ്ത്രീകൾ താലിബാൻ പതാകയും താലിബാനെ പിന്തുണയ്ക്കുന്നുവെന്നെഴുതിയ പ്ലക്കാർ‌ുകളുമേന്തിയാണ് പ്രകടനത്തിൽ പങ്കെടുത്തത്. തോക്കുധാരികളായ താലിബാൻ പോരാളികളും ഇവരോടൊപ്പമുണ്ടായിരുന്നു. താലിബാൻ ഭരണത്തിൽ തൃപ്തരാണെന്നും അഫ്ഗാൻ വിട്ടു പോയ സ്ത്രീകൾ ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നുമുള്ള ബാനറുമായാണ് ഇവർ തെരുവിലിറങ്ങിയത്. ഇത്തരമൊരു പ്രകടനം നടത്തണമെന്നാവശ്യപ്പെട്ട് സ്ത്രീകളാണ് മുന്നോട്ട് വന്നതെന്നും അവർക്ക് അതിന് അനുമതി അനുമതി നല്കുകയുമായിരുന്നെന്ന് താലിബാൻ വക്താവ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താലിബാനെതിരെ സ്ത്രീകൾ കാബൂളിലും മറ്റ് പല പ്രദേശങ്ങളിലും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇവരെ താലിബാൻ ഭീകരർ ചാട്ടവാറിനടിച്ചതും ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതും ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

Advertisement
Advertisement