ചൊവ്വയിൽ നിന്ന് പാറക്കല്ലുകൾ ശേഖരിച്ച് പെർസിവറൻസ് റോവർ

Sunday 12 September 2021 1:49 AM IST

വാഷിംഗ്ടൺ: ചൊവ്വ പരിവേഷണ രംഗത്ത് സുപ്രധാന നാഴികക്കല്ലായി നാസയുടെ പെർസിവറൻസ് റോവർ ചൊവ്വയിൽ നിന്ന് പാറക്കല്ലുകൾ ശേഖരിച്ചു. റോച്ചറ്റ് എന്ന വിളി പേരുള്ള പാറതുരന്നാണ് പേടകം കല്ലുകൾ ശേഖരിച്ചത്. സെപ്റ്റംബർ 6നാണ് പെർസിവറൻസ് ,​ മോണ്ട്‌ഡെനിയർ എന്ന പേരിലുള്ള ആദ്യ സാമ്പിൾ ശേഖരിച്ചത്. രണ്ട് ദിവസത്തിന് ശേഷം മോണ്ടഗ്നാക് എന്ന രണ്ടാമത്തെ സാമ്പിളും ശേഖരിച്ചതായി നാസ വ്യക്തമാക്കി. ഇത് ഭൂമിയിലേക്ക് എത്തിക്കാനായാൽ ഇവ ചൊവ്വയിൽ നിന്ന് ഭൂമിയിലേക്ക് കൊണ്ടുവരുന്ന ആദ്യത്തെ സാമ്പിളുകളാകും.

ഈ സാമ്പിളുകൾ വിശകലനം ചെയ്താൽ ചൊവ്വയിലെ ജലസാന്നിദ്ധ്യം,​ അഗ്നി പർവതങ്ങൾ എന്നിവയെപ്പറ്റി കൂടുതൽ പഠനങ്ങൾ നടത്താനാകും. ചൊവ്വയിൽ ജീവിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായിരുന്നോ എന്നതിനെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ചൊവ്വ ചൂടുള്ളതും നനഞ്ഞതുമായിരുന്നു എന്നതിന്റെ തെളിവുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ചൊവ്വയിൽ പര്യവേഷണം നടത്താനായി നാസ വിക്ഷേപിച്ച പെർസീവറൻസ് പ്രധാനമായും മണ്ണ്, ഭൂമിശാസ്ത്രപരമായ ഘടന, അന്തരീക്ഷം തുടങ്ങിയവയെപ്പറ്റിയുള്ള വിവര ശേഖരണം എന്നിവ ലക്ഷ്യമാക്കിയുള്ളതാണ്. വീഡിയോ ക്യാമറകളും രണ്ട് മൈക്രോഫോണുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പേടകത്തിലുണ്ട്.

Advertisement
Advertisement