വ്യവസായമന്ത്രിയുടെ മീറ്റ് ദി മിനിസ്റ്റർ ഇന്ന്

Sunday 12 September 2021 9:13 PM IST

കണ്ണൂർ: ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ സംരംഭകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്ന് വ്യവസായമന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ നടത്തുന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടിയിലേക്ക് ലഭിച്ചത് 80 പരാതി. ഇതിൽ 79 എണ്ണം സ്വീകരിച്ചു. പരാതിക്കാരന്റെ മതിയായ വിവരങ്ങൾ ഇല്ലാത്തതിനാൽ ഒരു പരാതി മാറ്റിവച്ചു.
ഖനന മേഖലയുമായി ബന്ധപ്പെട്ട് 13 പരാതിയാണ് ലഭിച്ചത്. കളിമണ്ണ് ഖനനത്തിന് ജില്ലയിൽ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മൂന്ന് പരാതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. നിലവിൽ കളിമണ്ണ് ഖനനത്തിന് ജില്ലയിൽ അനുമതിയില്ല. ചെങ്കൽഖനനം, ക്വാറി തുടങ്ങിയവക്ക് പഞ്ചായത്ത് ലൈസൻസ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ടും പരാതികൾ ലഭിച്ചു. കയർമേഖലയുടെ നവീകരണം, തൊഴിലാളികളുടെ പ്രശ്‌നങ്ങൾ എന്നിവ സംബന്ധിച്ച് ഒമ്പത് പരാതിയാണ് വ്യവസായവകുപ്പിൽ ലഭിച്ചത്.

വായ്പവിതരണം, ലൈസൻസ്, വിവിധ വകുപ്പുകളിൽനിന്നുള്ള അനുമതി തുടങ്ങിയവ സംബന്ധിച്ചും പരാതി ലഭിച്ചു.
ഒരോ പരാതിയിലും അതത് സ്ഥാപനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാണ് അദാലത്തിന് പരിഗണിച്ചത്. മുൻഗണനാക്രമത്തിൽ ടോക്കൺ നൽകി ഒരുസമയം 10 പേരെയാണ് അദാലത്ത് ഹാളിലേക്ക് കടത്തിവിടുക. പൂർണമായും കൊവിഡ് മാനദണ്ഡം പാലിക്കും.
ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ നടക്കുന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ വ്യവസായ, വാണിജ്യ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്. ഹരികിഷോർ, കെ.എസ്‌.ഐ.ഡി.സി ഡയറക്ടർ എം.ജി രാജമാണിക്യം, കിൻഫ്ര, കെ.എസ്‌.ഐ.ഡി.സി, മറ്റ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10 മുതൽ ഒന്നുവരെയാണ് അദാലത്ത്.

Advertisement
Advertisement