അഫ്ഗാൻ വനിതാ റോബോട്ടിക്സ് ടീമിന് പഠന സഹായം നല്കുമെന്ന് ഖത്തർ

Monday 13 September 2021 2:08 AM IST

ദോഹ : രാജ്യത്ത് താലിബാൻ അധികാരത്തിലെത്തിയതോടെ രാജ്യം വിട്ട അഫ്ഗാൻ ഡ്രീമേഴ്സ് എന്ന അഫ്ഗാനിലെ വനിതാ റോബോട്ടിക്സ് ടീമിന് പഠന സൗകര്യമൊരുക്കുമെന്ന് ഖത്തർ. ഖത്തർ ഫൗണ്ടേഷനും ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റും സംയുക്തമായി ചേർന്ന് സ്‌കോളർഷിപ്പ് അനുവദിച്ചാണ് കുട്ടികൾക്ക് ഉന്നത പഠനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ദോഹയിലെ ലോകോത്തര ഖത്തർ ഫൗണ്ടേഷൻ യൂണിവേഴ്സിറ്റികളിൽ ഇവർക്ക് പഠിക്കാണ സാധിക്കും.

2017ൽ വാഷിംഗ്ടണിൽ നടന്ന ലോക റോബോട്ടിക്സ് മത്സരത്തിൽ പങ്കെടുത്ത് രാജ്യാന്തര ശ്രദ്ധ നേടിയ ഇവർ കഴിഞ്ഞ വർഷം കൊവിഡ് വ്യാപനത്തിനിടെ ചുരുങ്ങിയ ചെലവിൽ വെന്റിലേറ്റർ നിർമ്മിക്കുകയും ചെയ്തിരുന്നു. താലിബാൻ അധികാരത്തിലെത്തിയതോടെ ഇവർ രാജ്യം വിടാൻ നിർബന്ധിതരാകുകയായിരുന്നു. അഫ്ഗാൻ ഡ്രീമേഴ്സിന് ഉന്നത പഠനത്തോടൊപ്പം മികച്ച ജോലിയും ഖത്തർ ഫൗണ്ടേഷൻ ഇവർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. വിദ്യാർഥിനികളുടെ റോബോട്ടിക്സ് മേഖലയിലെ കഴിവുകൾ കൂടുതലായി ഉണർത്തിയെടുക്കാനായി ഹമദ് ബിൻ ഖലീഫ സർവകലാശാല, കാർണീജ് മെലൺ യൂനിവേഴ്സിറ്റി ഖത്തർ, ഖത്തർ ഫൗണ്ടേഷൻ പാർട്ണർ സർവകലാശാല, ടെക്സാസ് എ.എം യൂണിവേഴ്സിറ്റി ഖത്തർ തുടങ്ങിയ ഖത്തർ ഫൗണ്ടേഷന് കീഴിലെ എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തും. ഡിജിറ്റൽ സിറ്റിസൺ ഫണ്ട് ഖത്തർ സർക്കാറുമായി ചേർന്ന് കുട്ടികളുടെ വിസക്ക് ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് കുട്ടികൾ കുട്ടികളെ ഖത്തറിലെത്തിച്ചത്.

Advertisement
Advertisement