അമേരിക്കയിൽ ഗൊറില്ലകൾക്ക് കൊവിഡ്

Monday 13 September 2021 2:11 AM IST

വാഷിംഗ്ടൺ : അമേരിക്കയിലെ അറ്റ്ലാന്റ മൃഗശാലയിലെ ഗൊറില്ലകളിൽ കൊവിഡ് പടർന്ന് പിടിക്കുന്നു. മൃഗശാലയിൽ ആകെയുള്ള 20 ഗോറില്ലകളിൽ 13 എണ്ണത്തിനാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൃഗശാലയിലെ മുഴുവൻ ഗൊറില്ലകളേയും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു. കൊവിഡ് ബാധിച്ച ഗൊറില്ലകൾ നേരിയ ചുമ, മൂക്കൊലിപ്പ്, വിശപ്പ് ഇല്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്ന് മൃഗശാല അധികൃതർ പറഞ്ഞു. മൃഗശാല ജീവനക്കാരനിൽ നിന്നാകാം വൈറസ് ഗൊറില്ലകളിലേക്ക് പടർന്നതെന്നാണ് പ്രാഥമിക നിഗമനം.രോഗം സ്ഥിരീകരിച്ച ഗൊറില്ലകളെ ക്വാറന്റീനിലാക്കിയിരിക്കുകയാണ്. ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ട്. ഇവരിൽ നിന്ന് മറ്റ് മൃഗങ്ങളിലേക്ക് രോഗം പകർന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്കാണ് പ്രധാനമായും കൊവിഡ് പകരുന്നതെങ്കിലും നായ്ക്കൾ, വളർത്തു പൂച്ച, സിംഹങ്ങൾ തുടങ്ങി നിരവധി മൃഗങ്ങൾ രോഗബാധിതരായ മനുഷ്യരുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. സാൻ ഡിയാഗോ സഫാരി പാർക്കിലെ രണ്ടു ഗൊറില്ലകൾക്കും ഇതിനു മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Advertisement
Advertisement