'മമ്മൂട്ടി ആവശ്യപ്പെട്ടിട്ടാണോ എന്ന് അറിയില്ല മേതിൽ ദേവിക നായികയാകുമോ എന്ന് ആന്റോ ജോസഫ് എന്നോട് ചോദിച്ചു, അവരുടെ മറുപടി...'
മമ്മൂട്ടിയുടെ നായികയാകാനുള്ള ക്ഷണം പോലും നിരസിച്ച നർത്തകിയാണ് മേതിൽ ദേവികയെന്ന് സംഗീത സംവിധായകൻ ഷിബു ചക്രവർത്തി. മമ്മൂട്ടി ചെയർമാനായ സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ വിധികർത്താവായി എത്തിയ മേതിലിന്റെ നൃത്തം കണ്ട് നിർമ്മാതാവ് ആന്റോ ജോസഫ് തന്നെ വിളിക്കാനിടയായ സാഹചര്യം പരാമർശിച്ചു കൊണ്ടാണ് ഷിബു ചക്രവർത്തി ഇക്കാര്യം വ്യക്തമാക്കിയത്.
ഷിബു ചക്രവർത്തിയുടെ വാക്കുകൾ-
'ജി വേണുഗോപാൽ ആലപിച്ച 'ചന്ദന മണിവാതിൽ പാതിചാരി' എന്ന ഗാനത്തിന് മേതിൽ ഒരിക്കൽ ചുവടുവയ‌്ക്കുകയുണ്ടായി. എന്തൊരു ഗ്രേയ്‌സ് ആയിരുന്നു ആ മൂവ്മെന്റിന്. ആ ഷോ കണ്ടിട്ട് ഇന്നത്തെ പ്രമുഖ നിർമ്മാതാവായ ആന്റോ ജോസഫ് എന്നെ വിളിച്ചു. മേതിൽ സിനിമയിൽ അഭിനയിക്കുമോ എന്നായിരുന്നു ആന്റോയ്‌ക്ക് അറിയേണ്ടിയിരുന്നത്. ഹീറോയിൻ വേഷം ചെയ്യുമോ എന്ന് ഒന്ന് ചോദിക്കുമോയെന്ന് ആന്റോ എന്നോട് ചോദിച്ചു. മമ്മൂക്ക ആവശ്യപ്പെട്ടിട്ട് ആയിരിക്കണമത്. അങ്ങിനെ ആന്റോ പറഞ്ഞിട്ടുമില്ല. പക്ഷേ, ആന്റോ പറഞ്ഞ കാര്യം ഞാൻ മേതിലിനോട് ചോദിച്ചു. താൽപര്യമില്ലെന്നായിരുന്നു അവരുടെ മറുപടി.
സ്വന്തം ഫീൽഡിൽ അല്ലാതെ മറ്റൊന്നിലും അവർക്ക് താൽപര്യമില്ലായിരുന്നു. അവരുടെയൊക്കെ ഒരു ശക്തിയും അതാണ്. ഒരു ചെറിയ ഡാൻസ് ഫോം ചെയ്യുമ്പോൾ പോലും എന്തൊരു ഗ്രേസ് ആണവർക്ക്. നൃത്തവുമായി ബന്ധപ്പെട്ട് എന്തു സംശയം വന്നാലും ഞാൻ ആദ്യം വിളിക്കുക മേതിലിനെയാണ്'.