കാർ എടുക്കാൻ പദ്ധതിയുണ്ടോ? പോക്കറ്റ് കീറാതെ വാങ്ങാൻ സാധിക്കുന്ന ചില മോഡലുകൾ പരിചയപ്പെടാം

Monday 13 September 2021 3:13 PM IST

കൊവിഡ് പിടിമുറുക്കി തുടങ്ങിയതോടെ പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഒഴിവാക്കി സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാനാണ് ഭൂരിപക്ഷം ആളുകളും ഇപ്പോൾ താത്പര്യപ്പെടുന്നത്. കുടുംബമായി യാത്ര ചെയ്യാൻ കൊക്കിലൊതുങ്ങുന്ന കാർ എല്ലാവരുടേയും സ്വപ്നം കൂടിയാണ്. നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന നാലു ലക്ഷത്തിനു താഴെ വിലയുള്ള വാഹനങ്ങളേതൊക്കെയെന്ന് അറിയാം.

മാരുതി സുസുക്കി ആൾട്ടോ

പഴയ മാരുതി 800ന്റെയും മാരുതി ആൾട്ടോയുടേയും പുത്തൻ പതിപ്പാണ് പുതിയ ആൾട്ടോ. 3.16 ലക്ഷം മുതലുള്ള എക്സ് ഷോറൂം വിലയ്ക്ക് ആൾട്ടോ ലഭിക്കും. 796 സി സി എൻജിനിൽ 47 ബി എച്ച് പി പവറും 69 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ആൾട്ടോ, അഞ്ച് സ്പീ‌ഡ് മാനുവൽ ഗിയർ ബോക്സോടു കൂടിയാണ് വിപണിയിൽ എത്തുന്നത്. ഡ്യുവൽ എയർ ബാഗ്, എ ബി എസ്, ഇ ബി ഡി. റിവേഴ്സ് പാർക്കിംഗ് സെൻസർ, പവർ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോ, എ സി എന്നിവ ആൾട്ടോയുടെ നാലു ലക്ഷത്തിനു താഴെയുള്ല മോഡലിൽ ലഭ്യമാണ്. കുറച്ചു കൂടി പണം ചിലവഴിക്കാൻ തയ്യാറാണെങ്കിൽ ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഉൾപ്പെടെയുള്ള മ്യൂസിക്ക് സിസ്റ്റം അടങ്ങിയ കൂടിയ വേരിയന്റ് സ്വന്തമാക്കാൻ സാധിക്കും.

മാരുതി സുസുക്കി എസ്പ്രെസ്സോ

ആൾട്ടോയുടെ തൊട്ടുമുകളിലുള്ള ക്ളാസിൽ വിൽക്കുന്ന മാരുതിയുടെ തന്നെ വാഹനമാണ് എസ്പ്രെസ്സോ. 3.78 ലക്ഷം മുതൽ 5.14 ലക്ഷം വരെയാണ് എസ്പ്രെസ്സോയുടെ വില വരുന്നത്. ഒരു ലിറ്റർ കപ്പാസിറ്റിയുള്ള എൻജിനിൽ 67 ബി എച്ച് പി പവറും 90 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ എസ്പ്രെസ്സോയ്ക്ക് സാധിക്കും. അഞ്ച് ഗിയർ മാനുവൽ ഗിയർ ബോക്സും അഞ്ച് ഗിയറിന്റെ തന്നെ ആട്ടോമാറ്റിക്ക് ഗിയർ ബോക്സുമായി രണ്ട് വേരിയന്റിലാണ് എസ്പ്രെസ്സോ വിപണിയിൽ എത്തുന്നത്. എന്നാൽ നാലു ലക്ഷത്തിനു താഴെയുള്ള വേരിയന്റ് മാനുവൽ ഗിയർ ബോക്സിലായിരിക്കും ലഭ്യമാകുക. ഇതു കൂടാതെ ഡ്യുവൽ എയർ ബാഗ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റൽ ക്ളസ്റ്രർ, റിവേഴ്സ് പാർക്കിംഗ് സെൻസർ, എ ബി എസ്, ഇ ബി ഡി,സ്പീഡ് അലർട്ട് സംവിധാനം എന്നിവ ലഭിക്കും.

ഡാറ്റ്സൺ റെഡി - ഗോ

ഡാറ്റ്സൺ റെഡി - ഗോ വിപണിയിൽ രണ്ട് എൻജിൻ വേരിയന്റുകളിൽ ലഭ്യമാണ്. 0.8 ലിറ്റർ, 1.0 ലിറ്റർ എൻജിനുകളിൽ ഈ വാഹനം ലഭിക്കുമെങ്കിലും നാലു ലക്ഷത്തിനു താഴെ 0.8 ലിറ്റർ മാത്രമേ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു. 3.78 ലക്ഷം മുതൽ 5.14 ലക്ഷം വരെയാണ് റെഡി - ഗോയുടെ എക്സ് ഷോറൂം വില. നാലു ലക്ഷത്തിനു താഴെയുള്ല അടിസ്ഥാന വേരിയന്റിൽ എ സി, പവർ സ്റ്റിയറിംഗ്, എ ബി എസ്, ഒരു എയർ ബാഗ്, റിവേഴ്സ് സെൻസർ, സ്പീഡ് അലർട്ട്, മുൻ വശത്തെ ടയറുകളിൽ ഡിസ്ക് ബ്രേക്ക് എന്നീ സംവിധാനങ്ങൾ ലഭ്യമാണ്. ഉയർന്ന മോഡലുകളിൽ ടച്ച് സ്ക്രീൻ, പവർ വിൻഡോ, ആൻഡ്രോയിഡ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങൾ ലഭ്യമാണ്.