ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ, ബണ്ട് അടച്ചത് കൊഞ്ചിന് ഭീഷണിയെന്ന് മുന്നറിയിപ്പ്

Tuesday 14 September 2021 12:00 AM IST

കോട്ടയം: വർഷങ്ങൾക്ക് ശേഷം തണ്ണീർമുക്കം ബണ്ട് 150 ദിവസം അടഞ്ഞു കിടന്നത് വേമ്പനാട്ട് കായലിലെ മത്സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പ്. പ്രധാനമായും കൊഞ്ചിന്റെ പ്രജനനത്തെയും വളർച്ചയെയും ബാധിച്ചെന്നാണ് അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തൽ. പ്രളയത്തിന് ശേഷം വേമ്പനാട്ട് കായലിലെ മത്സ്യ സമ്പത്തിൽ വ്യാപകമായ കുറവുണ്ടായതിന് പിന്നാലെ കൊഞ്ചിന്റെ അളവിൽ കുറവുണ്ടാകുമെന്ന മുന്നറിയിപ്പ് ഉൾനാടൻ മത്സ്യത്തൊഴിലാളികളെയും ആശങ്കയിലാഴ്ത്തുന്നു. ഡിസംബർ 15 മുതൽ മാർച്ച് പതിനഞ്ച് വരെയാണ് തണ്ണീർമുക്കം ബണ്ട് അടച്ചിടുന്നത്. എന്നാൽ ഇക്കുറി അത് മേയ് 15 വരെ നീണ്ടു. ഒക്ടോബർ മാസത്തിലാണ് കായലിൽ കൊഞ്ചിന്റെ ചാകരക്കാലം. ഇക്കുറി കൊഞ്ചിന്റെ കാര്യത്തിൽ അമിത പ്രതീക്ഷ വേണ്ടെന്ന് മുൻകാല അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകുന്നത്. 1986 കാലത്ത് അടച്ചിടീൽ നീണ്ടപ്പോൾ ആ വർഷം കൊഞ്ചിന്റെ അളവ് പകുതിയായാണ് കുറഞ്ഞത്.

കനത്തമഴയിൽ ഒഴുകിപ്പോയി

ശുദ്ധജലത്തിൽ മുട്ടയിട്ട് ഉപ്പുവെള്ളത്തിൽ വിരിഞ്ഞ് ഉപ്പിന്റെ അംശം മാറിയാൽ വളരുകയും ചെയ്യുന്നതാണ് കൊഞ്ചിന്റെ രീതി. ഇതിനായി നവംബറിന് മുന്നേ വൈക്കം കായലിലേയ്ക്ക് പോകും. മാർച്ചിന് ശേഷം തിരികെ ശുദ്ധജലത്തിലേയ്ക്ക് കുഞ്ഞുങ്ങളുമായി മടങ്ങി വരും. ഇതാണ് പതിവ്. എന്നാൽ ഇക്കുറി ബണ്ട് അടഞ്ഞു കിടന്നതോടെ മറുവശത്തേയ്ക്ക് എത്താനായില്ല. ഇതിന് പുറമെ ശക്തമായ മഴയും ഒഴുക്കിലും വ്യാപകമായി ഇവ ഒഴുകിപ്പോയതായും കണക്ക് കൂട്ടുന്നു.

400 ടണ്ണിൽ നിന്ന് 17ലേയ്ക്ക്

കൊഞ്ചിന്റെ അളവ് വേമ്പനാട്ട് കായലിൽ പ്രതിവർഷം കുറയുന്നുണ്ട്. 1986 വരെ 400 ടൺ ആയിരുന്നു ലഭിച്ചിരുന്നതെങ്കിൽ 2015ൽ ഇത് വെറും 17 ടണ്ണായി കുറഞ്ഞു. 2018-19ൽ 34 ടണ്ണായി ഉയർന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ ഇക്കുറി 1986 ആവർത്തിക്കുമെന്ന് ഉറപ്പിച്ചു പറയുകയാണ് കായൽ ഗവേഷണ കേന്ദ്രം

'' തണ്ണീർമുക്കം ബണ്ട് കൂടിയാലോചനയില്ലാതെ ഇത്രയും നാൾ അടച്ചിട്ടതാണ് വിനയാവുക. ബണ്ട് ദീർഘ നാൾ അടച്ചിടുന്നത് കൊഞ്ചിനെ ബാധിക്കുമെന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്.പ്രളയ ശേഷം കായലിലെ മത്സ്യ സമ്പത്തിൽ കുറവുണ്ടായത് കൊഞ്ചിനെയും ബാധിച്ചിട്ടുണ്ട്

ഡോ.കെ.ജി.പത്മകുമാർ, അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം

Advertisement
Advertisement