പിടിവിട്ട് വളം വിലയും മഴയും മുണ്ടകപ്പാടത്ത് പെടാപ്പാട്

Monday 13 September 2021 8:27 PM IST
മുണ്ടകപ്പാടം

തൃശൂർ: തിമിർത്തുപെയ്യുന്ന കാലവർഷവും വളത്തിന്റെ വിലക്കയറ്റവും തൊഴിലാളി ക്ഷാമവും കാരണം മുണ്ടകപ്പാടങ്ങളിൽ നെട്ടോട്ടത്തിലാണ് കർഷകർ.

ജില്ലയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ സജീവമായ മുണ്ടകപ്പാടങ്ങളിൽ ഞാറ്റടിയിൽ തയ്യാറാക്കിയ ഞാറുകൾ പറിച്ചു നടലാണ് പ്രധാനമായും ഇപ്പോഴുള്ളത്. നടീൽ കഴിഞ്ഞാൽ ഉടനെ വളം നൽകണം.

ആദ്യ വളമായ ഫാക്ടംഫോസിനുണ്ടായ വിലക്കയറ്റമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ വർഷം ഒരു ചാക്കിന് 960 രൂപ ഉണ്ടായിരുന്നത് 1350 രൂപയിലേറെയാണ്. ഇന്ധനവില കൂടിയതോടെ ഉൽപാദന ചെലവുമേറി. അത് രാസവളങ്ങളുടെ വില വർദ്ധിക്കാൻ കാരണമായി. ഫാക്ടംഫോസിനൊപ്പം ചേർക്കേണ്ട പൊട്ടാഷ് വളം മാർക്കറ്റിൽ ലഭിക്കുന്നില്ലെന്നും പറയുന്നു. ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നവർ കുറവാണ്. വേണ്ടത്ര ജൈവവളം ലഭ്യമാകുന്നുമില്ല.

പോയവർഷങ്ങളിൽ നടീൽ യന്ത്രം എത്തിച്ചാണ് മിക്ക പാടശേഖരങ്ങളിലും നടീൽ നടത്തിയിരുന്നത്. ഈയാണ്ടിൽ ചുരുക്കം പേരാണ് യന്ത്രം ഉപയോഗിച്ചത്. തുടർച്ചയായ മഴ മൂലം വയലുകളിൽ വെള്ളം കെട്ടി നിന്നതോടെയാണ് യന്ത്രം ഇറക്കാൻ കഴിയാതെ വന്നത്. കൃത്യമായ അകലത്തിലും വരിയിലും നടാൻ കഴിയുമെന്നതിനാൽ യന്ത്രം ഉപയോഗിക്കുമ്പോൾ വിളവ് കൂടുമെന്ന് കർഷകർ പറയുന്നു. യന്ത്രം ഉപയോഗിച്ച് നട്ട പാടങ്ങളിൽ കള പറിക്കാനുള്ള യന്ത്രമിറക്കാനാവുമെന്നതിനാൽ കൃഷിക്ക് ഗുണകരമാവുമെന്നും പറയുന്നു.

തൊഴിലാളികൾ ഇല്ലാത്തതിനാൽ കഴിഞ്ഞവർഷം കൂടുതൽ പ്രതിസന്ധിയുണ്ടായിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം കുറഞ്ഞതോടെ അവിടുത്തെ തൊഴിലാളികൾ തിരിച്ചെത്തിയത് തൊഴിലാളി ക്ഷാമം ഒരു പരിധി വരെ പരിഹരിക്കപ്പെടാൻ ഇടയാക്കിയിട്ടുണ്ട്.

  • നടീലിന് തൊഴിലാളികളുടെ കൂലി ഏക്കറിന് ഏകദേശം: 4500 രൂപ
  • നടീലിന് യന്ത്രമാകുമ്പോൾ: 5500 രൂപ

വിത്തുഗുണമില്ലെന്ന് പരാതി


കൃഷിവകുപ്പിന്റെ വിത്തുകളിൽ കാൽ ഭാഗത്തോളം മുളയ്ക്കുന്നില്ല എന്നാണ് കർഷകരുടെ പരാതി. അതിനാൽ ഞാർ ലഭിക്കണമെങ്കിൽ കൂടുതൽ വിത്ത് പുറമേ നിന്നും വാങ്ങേണ്ടി വരുന്നതായും പറയുന്നു. ഒരേക്കറിന് 25 കിലോ വിത്താണ് നൽകുന്നത്. അത് പര്യാപ്തമല്ലെന്നും പരാതിയുണ്ട്.


മഴയൊഴിയില്ല

തൃശൂർ അടക്കമുളള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറിയതിന്റെ ഫലമായാണിത്. മഴ ശക്തമായതോടെ വെള്ളം കയറി കഴിഞ്ഞ ദിവസങ്ങളിൽ പല പാടങ്ങളിലും പണി മുടങ്ങിയിരുന്നു.

Advertisement
Advertisement