കളക്ടർക്ക് മുൻപിൽ സഹായം തേടി കർണാടക സ്വദേശിനി

Tuesday 14 September 2021 12:22 AM IST
കാ​വേ​രി​യും​ ​കു​ട്ടി​ക​ളും​ ​ക​ണ്ണൂ​ർ​ ​കള​ക്ട​റേ​റ്റി​നു​ ​മു​ന്നി​ൽ​ ​

കണ്ണൂർ: ഭർത്തൃവീട്ടുകാരുടെ പീഡനത്തിൽ കളക്ടർക്ക് മുൻപിൽ സഹായം തേടി കർണാടക സ്വദേശിനിയായ യുവതി. ഉഡുപ്പി സ്വദേശി കാവേരിയാണ് പരാതിയുമായി കളക്ടറെ കാണാനെത്തിയത്. ആദ്യഭർത്താവിന്റെ മരണശേഷം പുനർവിവാഹിതയായ തന്നെ ഭർത്താവും വീട്ടുകാരും ഉപദ്രവിച്ചതായും പന്ത്രണ്ട് ലക്ഷം രൂപയും ഏഴരപവനോളം സ്വർണവും തട്ടിയെടുത്തതായും യുവതി കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.

ഉളിക്കൽ കേയാപ്പറമ്പിലെ ചാലേടൻകണ്ടി വീട്ടീൽ സീനന്തുമായി വീട്ടുകാരുടെ പൂർണസമ്മതത്തോടെയായിരുന്നു കാവേരിയുടെ വിവാഹം. തില്ലങ്കേരി പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യുവതി പറയുന്നു. ആദ്യഭർത്താവിൽ തനിക്കുള്ള 16,17 വയസുള്ള രണ്ട് പെൺകുട്ടികളുമായി കാവേരി വാടക വീട്ടിലാണ് സീനന്തിനോടൊപ്പം താമസിച്ചത്. ഈ കാലയളവിൽ കാവേരിയുടെയും മക്കളുടെയും കൈവശമുണ്ടായിരുന്ന ഏഴര പവൻ സ്വർണ്ണവും ആദ്യഭർത്താവിന്റെ മരണത്തെ തുടർന്ന് ലഭിച്ച 25 ലക്ഷം ഇൻഷുറൻസ് തുകയിൽ നിന്നും 12 ലക്ഷം രൂപയും സീനന്തും വീട്ടുകാരും കൈക്കലാക്കിയെന്ന് കാവേരി പറഞ്ഞു. ഇതിനു ശേഷം ഭർത്താവും വീട്ടുകാരും തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നാണ് കാവേരിയുടെ പരാതിയിൽ പറയുന്നത്.

ഭർത്താവിനെ കാണാത്തതിനെ തുടർന്ന് ഉളിക്കൽ പൊലീസിനും ഇരിട്ടി ഡിവൈ.എസ്.പി ക്കും പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. വാടകകുടിശ്ശികയുടെ പേരിൽ വീട്ടുടമസ്ഥൻ ഇറക്കിവിട്ടതിനെ തുടർന്ന് സീനന്തിന്റെ വീട്ടിലേക്ക് എത്തിയെങ്കിലും വീട്ടുകാർ കയറാൻ സമ്മതിച്ചില്ല.

കുട്ടികൾ വിളിച്ചറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് തങ്ങളോട് മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. ഓട്ടോയിൽ ബലമായി കയറ്റി പാതിരാത്രിയിൽ ഉളിക്കൽ ബസ് സ്റ്റാൻഡിൽ തങ്ങളെ ഇറക്കി വിട്ടു. മട്ടന്നൂർ സ്വദേശിയായ സൗമ്യ എന്ന പൊതുപ്രവർത്തകയാണ് തങ്ങൾക്ക് അഭയം നൽകിയതെന്നും കാവേരിയുടെ പരാതിയിലുണ്ട്. പൊലീസിനോട് പരാതിപ്പെട്ടിട്ടും പ്രയോജനമില്ലാത്ത സാഹചര്യത്തിലാണ് കളക്ടറെ നേരിൽ കണ്ടതെന്നും ഇവർ പറഞ്ഞു. കാവേരിയുടെ പരാതിയിൽ ഉളിക്കൽ പൊലീസിന്റെ നടപടിക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ കളക്ടർ റൂറൽ എസ്.പിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർക്കും കാവേരി പരാതി നൽകിയിട്ടുണ്ട്. വുമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ നേതൃത്വത്തിൽ യുവതിയെയും മക്കളെയും കൂത്തുപറമ്പിലെ സഖീ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Advertisement
Advertisement