മതസൗഹാർദ്ദം തകർക്കാൻ ആസൂത്രിത നീക്കം: നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സതീശന്റെ കത്ത്

Tuesday 14 September 2021 12:28 AM IST

തിരുവനന്തപുരം: സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് കേരളത്തിന്റെ മതസൗഹാർദ്ദവും സാമൂഹിക ഇഴയടുപ്പവും തകർക്കാൻ നടക്കുന്ന നീക്കങ്ങൾക്കെതിരെ കർശന നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. സമുദായ സംഘടനകളോ നേതാക്കളോ ഏതെങ്കിലും പ്രത്യേക സംഭവങ്ങൾ മുൻനിറുത്തി പരാതി ഉന്നയിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും അന്വേഷണ പരിധിയിൽ വരണമെന്നും ആവശ്യപ്പെട്ടു.

വലിയ രീതിയിൽ ചേരിതിരിവും സ്പർദ്ധയും അവിശ്വാസവും വിവിധ മതവിശ്വാസികൾക്കിടയിൽ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്നത് ആശങ്കയുണർത്തുന്നതാണ്. വാട്ട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിംഗ് ആപ്പുകളും ഫേസ് ബുക്കും യു ട്യൂബുമെല്ലാം തെറ്റായ ആശയ പ്രചാരണത്തിനായി ചിലർ ദുരുപയോഗിക്കുകയാണ്. വർഗീയ വിഷം ചീറ്റുന്ന ഇവരിൽ പലരും വ്യാജ ഐ.ഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്റെ മതമൈത്രി തകർക്കാൻ കച്ചകെട്ടിയിറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കണം. സമൂഹ മാദ്ധ്യമങ്ങളിലൂടെ സാമുദായികസ്പർദ്ധ വളർത്തുന്നവരെ കണ്ടെത്തി കർശന ശിക്ഷ ഉറപ്പാക്കാൻ സൈബർ പൊലീസിന് നിർദ്ദേശം നൽകണം .