സുധാകരൻ സംഘപരിവാറിന്റെ മനസുള്ളയാൾ, കെ പി സി സി പിടിച്ചത് താലിബാൻ അഫ്ഗാൻ പിടിച്ചതുപോലെ, രൂക്ഷ വിമർശനവുമായി കെ പി അനിൽകുമാർ

Tuesday 14 September 2021 11:57 AM IST

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് നേതാവ് കെ പി അനിൽകുമാർ. പാർട്ട‌ിയിൽ നിന്നുള്ള രാജിപ്രഖ്യാപന വേളയിലായിരുന്നു വിമർശനം

'സുധാകരൻ കെ പി സി സി പിടിച്ചത് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചതുപോലെയാണ്. ഇതിന് സഹായിച്ചവരെ കെ എസ് ബ്രിഗേഡ് എന്നുപറഞ്ഞ് ആദരിച്ചു. സുധാകരൻ സംഘപരിവാറിന്റെ മനസുള്ളയാളാണ്. അങ്ങനെയൊരാൾ നയിക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് എങ്ങനെ രക്ഷപ്പെടും. പുതിയ നേതൃത്വത്തിന്റേത് ഏകാധിപത്യ പ്രവണതയാണ്. ഇതിനെതിരെയാണ് പ്രതികരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്ത് ജനാധിപത്യം ഇല്ലാതായി. പുതിയ നേതൃത്വം ആളെ നോക്കി നീതി നടപ്പാക്കുന്നു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് ഞാന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായ എനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. കെപിസിസി നിർവ്വാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയില്ല. 2021ല്‍ സീറ്റ് തരുമെന്ന് നേതാക്കളെല്ലാം പറഞ്ഞു. പക്ഷേ അവിടെയും തന്നെ ചതിച്ചു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല- അനിൽ കുമാർ പറഞ്ഞു.

ഇന്നുരാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അനിൽകുമാർ രാജിതീരുമാനം പ്രഖ്യാപിച്ചത്. ഡി സി സി ഭാരവാഹികളുടെ നിയമന വിവാദത്തിൽ പരസ്യപ്രതികരണം നടത്തിയതിന് അദ്ദേഹത്തിനെതിരെ പാർട്ടി നടപടി ഉണ്ടാകുന്നതിന് തൊട്ടുമുമ്പായിരുന്നു രാജി പ്രഖ്യാപിച്ചത്. അതേസമയം

അനിൽകുമാറിന്റെ വാർത്താസമ്മേളനം നടന്നുകൊണ്ടിരിക്കെ തന്നെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെ പി സി സി പ്രസിഡന്റ് അറിയിച്ചു.