പാർട്ടി വിട്ട കെ പി അനിൽകുമാർ സി പി എമ്മിൽ, ഒരു മാസത്തിനിടെ കോൺഗ്രസ് വിട്ടത് രണ്ട് പ്രമുഖ നേതാക്കൾ

Tuesday 14 September 2021 12:28 PM IST

തിരുവനന്തപുരം: ഡി ഡി സി ഭാരവാഹികളുടെ നിയമന വിവാദവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രമുഖ കോൺഗ്രസ് നേതാവുകൂടി സി പി എം പാളയത്തിലെത്തി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറാണ് പാർട്ടി വിട്ട് സി പി എമ്മിലെത്തിയത്. കോൺഗ്രസുമായുള്ള നാൽപ്പത്തിമൂന്നുവർഷത്തെ ബന്ധമാണ് അദ്ദേഹം അവസാനിപ്പിച്ചത്.

എ.കെ.ജി സെന്ററിൽ എത്തിയ അദ്ദേഹത്തെ കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. നേരത്തേ കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തും ഒപ്പമുണ്ടായിരുന്നു. ഒരു ഉപാധിയുമില്ലാതെയാണ് സി പി എമ്മിൽ ചേരുന്നതെന്ന് അനിൽകുമാർ വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ നിന്നുളള രാജി തീരുമാനം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ കെ പി സി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.

പുതിയ നേതൃത്വം വന്നതിനുശേഷം ഒരാൾപാേലും പാർട്ടി വിട്ടുപോകില്ലെന്നാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ കോൺഗ്രസിൽ ഉരുൾപൊട്ടലാണ് ഉണ്ടായിരിക്കുന്നത്. കെ പി സി സി ഓഫീസിന്റെ താക്കോൽ സൂക്ഷിച്ചിരുന്ന കെ പി അനിൽകുമാർ പാർട്ടി വിട്ടതുതന്നെ അതിന്റെ സൂചനയാണ് . സി പി എമ്മിൽ എല്ലാവർക്കും അർഹമായ പ്രാതിനിധ്യം ലഭിക്കും- അനിൽകുമാറിനെ സ്വീകരിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഡി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമുയർത്തിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട കെ പി സി സി മുൻ സെക്രട്ടറിയും നെടുമങ്ങാട്ടെ യു ഡി എഫ് സ്ഥാനാർത്ഥിയുമായിരുന്ന പി.എസ്. പ്രശാന്ത് നേരത്തേ സി പി എമ്മിൽ ചേർന്നിരുന്നു.

Advertisement
Advertisement