ഈരാറ്റുപേട്ട നഗരസഭയിൽ എസ് ഡി പി ഐ പിന്തുണച്ചാൽ ഭരണത്തിനു നിൽക്കില്ലെന്ന് മന്ത്രി വാസവൻ

Tuesday 14 September 2021 12:53 PM IST

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ കോൺഗ്രസിനെതിരെ എൽ ഡി എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ എസ് ഡി പി ഐ പിന്തുണച്ച സംഭവത്തിൽ സി പി എം എസ് ഡി പി ഐയുമായി ഒരു ബന്ധവുമുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി വാസവൻ വ്യക്തമാക്കി. കോട്ടയത്ത് വച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഈരാറ്റുപേട്ട നഗരസഭയിൽ എസ് ഡി പി ഐ പിന്തുണയോടെ ഒരിക്കലും സി പി എം അധികാരത്തിൽ കയറില്ലെന്നും പാർട്ടിയുടെ പ്രഖ്യാപിത നയത്തിൽ ഒരു മാറ്റവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് തവണയും എസ് ഡി പി ഐ പിന്തുണച്ചപ്പോൾ സി പി എം ചെയർമാൻ സ്ഥാനം രാജിവയ്ക്കുകയായിരുന്നുവെന്ന് വാസവൻ ഓർമിപ്പിച്ചു. പാർട്ടിക്കെതിരെ ബി ജെ പി എല്ലാകാലത്തും തെറ്റായ ആരോപണങ്ങൾ മാത്രമാണ് ഉന്നയിച്ചിട്ടുള്ളതെന്നും സി പി എം ആവശ്യപ്പെട്ടിട്ടല്ല എസ് ഡി പി ഐ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതെന്നും വാസവൻ വ്യക്തമാക്കി.

ഈരാറ്റുപേട്ട നഗരസഭയിൽ കോൺഗ്രസ് അംഗം അൻസൽന പരീക്കുട്ടിയുടെ പിന്തുണയോടെ എൽ ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നു. 28 അംഗ നഗരസഭയിൽ 14 അംഗങ്ങളുള്ള കോൺഗ്രസിനെതിരെ ഒൻപത് അംഗങ്ങളുള്ള എൽ ഡി എഫ് കൊണ്ടു വന്ന പ്രമേയത്തെ എസ് ഡി പി ഐയുടെ അഞ്ച് അംഗങ്ങൾ കൂടി പിന്തുണച്ചതോടെ പാസാവുകയായിരുന്നു. ഇതാണ് വിവാദമായത്. എന്നാൽ അവിശ്വാസ പ്രമേയത്തിൽ ആർക്കും വോട്ടു ചെയ്യാമെന്നതാണ് എൽ ഡി എഫ് നിലപാട്.