രോഗം ബാധിച്ച് മരിക്കുന്നവരിൽ ഭൂരിഭാഗവും കുട്ടികൾ; യു പിയിൽ വലിയ ആശങ്കയായി ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നു, വ്യാപിക്കുന്നത് രോഗത്തിന്റെ ഗുരുതര വകഭേദം

Tuesday 14 September 2021 4:28 PM IST

ലക്‌നൗ:ഗുരുതരമായ വകഭേദം സംഭവിച്ച ഡെങ്കിപ്പനി ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പടർന്ന് പിടിക്കുന്നു. ഇതുവരെ 60 പേർ മരിച്ചു. ഇതിൽ 40പേരും കുട്ടികളാണെന്നതാണ് വിഷമിപ്പിക്കുന്ന വസ്‌തുത. ഫിറോസാബാദിലെ കൊഹ് ഗ്രാമത്തിൽ കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ 11 കുട്ടികൾ രോഗം ബാധിച്ച് മരിച്ചു.12,000 പേർ രോഗം ബാധിച്ച് കിടപ്പിലായി. രോഗികളിൽ ഏറെയും കുട്ടികളാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കിന്റെ വർദ്ധന മൂലം സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ കിടക്ക കിട്ടാത്ത അവസ്ഥയാണ്.

നികിത കുഷ്‌വാഹ എന്ന പെൺകുട്ടി ഡെങ്കി ബാധിച്ച് ഗുരുതരാവസ്ഥയിലായ തന്റെ അനുജത്തി 11 വയസുകാരി വൈഷ്‌ണവിക്ക് വേണ്ടി ആഗ്ര ഡിവിഷണൽ കമ്മീഷണർ അമിത് ഗുപ്‌തയുടെ വാഹനത്തിന് മുന്നിൽ ചാടിവീണു. 'എന്തെങ്കിലും ചെയ്യൂ സാർ, ഇല്ലെങ്കിൽ അവൾ മരിക്കും. അവൾക്ക് ചികിത്സ ഉറപ്പാക്കണേ..' നികിത കരഞ്ഞുകൊണ്ട് അപേക്ഷിച്ചു. പക്ഷെ അപേക്ഷയ്‌ക്കൊന്നും ഒരു ഫലവുമുണ്ടായില്ല. ആശുപത്രിയിൽ എത്തുംമുൻപ് ഗുരുതരാവസ്ഥയിലായ വൈഷ്‌ണവി വൈകാതെ മരണമടഞ്ഞതായി ഫിറോസാബാദ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സംഗീത അനിജ അറിയിച്ചു.

എന്നാൽ വൈഷ്‌ണവിയുടെ കരൾ തകരാറിലായിരുന്നു. അതുമൂലം വീർത്ത് വല്ലാത്ത അവസ്ഥയിലായിരുന്നെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.കൊവിഡ് മൂലം യോഗി ആദിത്യനാഥ് സർക്കാർ വിമർശനങ്ങൾ നേരിടുന്ന സ്ഥിതിയിൽ ഡെങ്കിപനി വ്യാപനം കൂടിയുണ്ടായതോടെ പ്രതിരോധ നടപടി സ്വീകരിക്കുന്നതിൽ അലംഭാവമുണ്ടെന്ന് വലിയ ആരോപണങ്ങളാണ് പ്രതിപക്ഷം സർക്കാരിന് നേരെ നടത്തുന്നത്.