നിസാമുദീൻ മർക്കസ് കേസിന്റെ പ്രത്യാഘാതം രാജ്യാതിർത്തിക്കു പുറത്തേക്ക് നീളുന്നതെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

Tuesday 14 September 2021 4:47 PM IST

ന്യൂ‌ഡൽഹി: നിസാമുദീൻ മർക്കസ് കേസിനും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടേയും പ്രത്യാഘാതം രാജ്യാതിർത്തിക്കു പുറത്തേക്കു വരെ നീളുന്നതാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രാജ്യത്ത് കൊവിഡ് പരത്താൻ കാരണമായെന്ന് കാണിച്ച് കഴിഞ്ഞ വർഷം മാർച്ച് 31 മുതൽ മർക്കസ് അടച്ചിട്ടിരിക്കുകയാണ്. മർക്കസ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി വഖഫ് ബോർഡ് ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് കേന്ദ്ര സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

എന്നാൽ ഇത്രയും നാൾ ആയിട്ടും മർക്കസ് ഉടമസ്ഥർക്കു വിട്ടുനൽകാത്തതിനെ ഹൈക്കോടതി ചോദ്യം ചെയ്തു. മർക്കസിന്റെ ഉടമസ്ഥരായിരുന്ന ചിലരിൽ നിന്നും ലോക്ക്ഡൗണിന്റെ പേര് പറ‌ഞ്ഞ് നിങ്ങൾ സ്ഥലം കൈക്കലാക്കി. എത്ര നാൾ ആ സ്ഥലം ഉടമസ്ഥർക്കു മടക്കി നൽകാതെ അടച്ചിടാൻ സാധിക്കുമെന്ന് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് മുക്താ ഗുപ്താ ചോദിച്ചു.

കഴിഞ്ഞ വർഷം മാർച്ചിൽ ലോക്ക്‌ഡൗണിന്റെ ആദ്യ ദിനങ്ങളിലാണ് തബ്ലഗി ജമാ അത്തിന്റെ നേതൃത്വത്തിൽ മർക്കസിൽ വച്ച് സമ്മേളനം നടന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യയിൽ കൊവിഡ് പകരാൻ ഈ സമ്മേളനം കാരണമായെന്ന് വിവിധ ഭാഗങ്ങളിൽ നിന്നും ശക്തമായ പ്രചാരണം ഉണ്ടായിരുന്നു.