തീവ്രവാദശക്തികളുമായി ചേർന്ന് സിപിഎം ഭരണം നടത്തുന്നു, എസ്ഡിപിഐയുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനുള്ള തീരുമാനം ക്രൈസ്തവ ജനതയോടുള്ള വെല്ലുവിളിയെന്ന് കെ സുരേന്ദ്രൻ

Tuesday 14 September 2021 6:53 PM IST

പാലക്കാട്: ഈരാറ്റുപേട്ട ന​ഗരസഭയിൽ എസ്.ഡി.പി.ഐയുമായി ധാരണയിലെത്തിയ സി.പി.എം നിലപാട് കേരളത്തിന് ആപത്താണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പാലാ ബിഷപ്പിനെ ആക്രമിക്കാൻ ​ഗുണ്ടാസംഘങ്ങളെ അയച്ച എസ്.ഡി.പി.ഐയുമായി പരസ്യമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനുള്ള സി.പി.എം തീരുമാനം ക്രൈസ്തവ ജനതയോടുള്ള വെല്ലുവിളിയാണ്. ബിഷപ്പിനെതിരായ പ്രതിഷേധം നയിച്ചത് ഈരാറ്റുപേട്ടയിലെ എസ്.ഡി.പി.ഐ കൗൺസിലർമാരാണെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ സഭാ നേതൃത്വത്തിന് ഭീഷണി ഉയർത്തുന്ന തീവ്രവാദശക്തികളുമായി ചേർന്ന് സി.പി.എം ഭരണം നടത്തുന്നതിനെ പറ്റി കേരള കോൺഗ്രസ് പ്രതികരിക്കണം. ഈ സന്ദർഭത്തിൽ പോലും സി.പി.എമ്മും എസ്.ഡി.പി.ഐയും പരസ്യമായ ധാരണയിലേക്ക് പോവുന്നത് ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇത് കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് തിരിച്ചടിയാണ്. തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഭരണകക്ഷി നിലപാട് സംസ്ഥാനത്തിന് ദോഷം ചെയ്യും. മതനിരപേക്ഷ സമൂഹം ഇതിനെതിരെ പ്രതികരിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.