നിപ ഭീതി: പഴക്കടകളിൽ കാണാനില്ല റംബൂട്ടാൻ

Wednesday 15 September 2021 12:17 AM IST

പഴയങ്ങാടി: കോഴിക്കോട്ട് നിപ ഭീഷണി അകന്നിട്ടും റംബൂട്ടാന്റെ കാലദോഷം മാറുന്നില്ല. ഏറെ പോഷകാംശങ്ങളുള്ള ഈ പഴം പഴക്കടകളിൽ നിന്ന് പൂർണമായും പിൻവലിഞ്ഞ മട്ടാണ്. കിലോയ്ക്ക് 250 രൂപക്ക് വിറ്റിരുന്ന പഴം വില കുറച്ചിട്ടും വാങ്ങാൻ ആളില്ലെന്നതാണ് ഈ പിന്മാറ്റത്തിന് പിന്നിൽ.

സമൂഹമാദ്ധ്യമങ്ങളിലും മറ്റും വന്ന വൻ പ്രചാരണമാണ് ജനങ്ങളെ ഇത്രയധികം ഭീതിയിൽ ആഴ്ത്താൻ കാരണം. മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും തെക്കുകിഴക്കേ ഏഷ്യയിലും മറ്റും കണ്ടുവരുന്ന റംബൂട്ടാൻ മലയാളികളുടെ ഇഷ്ടഫലമായിട്ട് അധികം കാലമായിട്ടില്ല. കേരളത്തിലും ഇതു നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്തതോടെ കർഷകരും റംബൂട്ടാന് പറമ്പുകളിൽ ഇടം കൊടുത്തിരുന്നു. എന്നാൽ കടകളിൽ റംബൂട്ടാൻ വിൽക്കാതെ വന്നതോടെ കർഷകരും കടുത്ത ആശങ്കയിലാണ്.

റംബൂട്ടാൻ

പഴങ്ങളിലെ രാജകുമാരി എന്നും 'ദേവതകളുടെ ഭക്ഷണം' എന്നും വിശേഷിക്കപ്പെടുന്ന റംബൂട്ടാൻ സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമാണ്. ഔഷധമായും ഇത് ഉപയോഗിക്കുന്നു. വിത്ത് വഴിയും വായുവിൽ പതിവെച്ചും ഗ്രാഫ്റ്റ്, മുകുളനം വഴിയും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു.

Advertisement
Advertisement