പഞ്ചായത്ത് തലത്തിലേക്ക് പാരന്റിംഗ് ക്ലിനിക്കുകൾ

Wednesday 15 September 2021 12:00 AM IST

ആലപ്പുഴ: രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസലിംഗ് നൽകുന്നതിന് വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആരംഭിച്ച പാരന്റിംഗ് ക്ലിനിക്കുകളുടെ പ്രവർത്തനം ഗ്രാമപഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കൗൺസലിംഗ് സൗകര്യം ഒരുക്കുന്നതിനും ആവശ്യാനുസരണം റഫറൽ അടിസ്ഥാനത്തിൽ വിദഗ്ദ്ധ പരിചരണം ഉറപ്പാക്കാനും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളായാണ് ഗുഡ് പാരന്റിംഗ് ക്ലിനിക്കുകളെ വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബ്ലോക്ക്, കോർപ്പറേഷൻ തലത്തിൽ ആരംഭിച്ച പദ്ധതിയാണ് വൈകാതെ പഞ്ചായത്തുകളിലേക്കും എത്തുന്നത്. ആറുമാസം കൊണ്ട് പദ്ധതി വഴി നാലായിരത്തോളം പേർ കൗൺസലിംഗ് നേടിയിട്ടുണ്ടെന്നാണ് കണക്ക്. നിലവിൽ ബ്ലോക്ക്, മുനിസിപ്പൽ കോർപ്പറേഷൻ തലങ്ങളിൽ ഐ.സി.ഡി.എസിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂട്രീഷൻ ക്ലിനിക്കുകളുടെ പശ്ചാത്തല സൗകര്യം പ്രയോജനപ്പെടുത്തിയാണ് പാരന്റിംഗ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്.

ആശങ്കയോടെ മാതാപിതാക്കൾ

കുട്ടികളിൽ പ്രകടമാകുന്ന മാനസിക പ്രശ്നങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള അമിതാസക്തി, കുട്ടികളുടെ പരിപാലനം സംബന്ധിച്ച മാതാപിതാക്കളുടെ ആശങ്ക എന്നിവയാണ് കൂടുതലായെത്തുന്ന കേസുകൾ. പഞ്ചായത്ത് തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ കൂടുതൽ സേവനം നൽകുന്നതിനായി വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചുള്ള പാനലാണ് രൂപീകരിക്കുന്നത്. ഇവർക്ക് ഓരോ സിറ്റിംഗിനും ഹോണറേറിയം വനിതാ ശിശുവികസന വകുപ്പ് നൽകും.

കൗൺസലിംഗ് ടീം

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കരിയർ ഗൈഡൻസ് സ്പെഷ്യലിസ്റ്റ്, സൈക്കോളജിസ്റ്റ്

സംസ്ഥാനത്ത്

നിലവിൽ കേന്ദ്രങ്ങൾ: 158

ബ്ലോക്കുകളിൽ: 152

കോർപ്പറേഷനുകളിൽ: 6

"

ഓരോ കേന്ദ്രത്തിലും ഒരു കൗൺസിലർ വീതമുണ്ട്. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പേർക്ക് പരിശീലനം നൽകും. മികച്ച പ്രതികരണമാണ് എല്ലാ ക്ലിനിക്കുകളിലും നിന്ന് ലഭിക്കുന്നത്.

വനിതാ ശിശുവികസന വകുപ്പ്

Advertisement
Advertisement