പ്രധാനമന്ത്രി 22ന് യു.എസിലേക്ക്, അഫ്ഗാനും ചർച്ചയാകും

Wednesday 15 September 2021 12:00 AM IST

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വിശ്വാസം ആർജ്ജിക്കാനും അഫ്ഗാനിസ്ഥാനിൽ ചൈനയും പാകിസ്ഥാനും നടത്തുന്ന ഇടപെടലുകളിൽ ഇന്ത്യയ്ക്കുള്ള ആശങ്ക ധരിപ്പിക്കാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി 22ന് അമേരിക്കയിലെത്തും. 24ന് വാഷിംഗ്ടൺ ഡിസിയിൽ നാലു രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സമ്മേളനത്തിലും 25ന് ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ളിയുടെ 76-ാമത് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.

വൈറ്റ്ഹൗസിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് ക്വാഡ് സമ്മേളനത്തിന് ആഥിത്യം വഹിക്കുക. ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗെയും പങ്കെടുക്കും. കഴിഞ്ഞ മാർച്ചിൽ യു.എസ് ആതിഥേയരായ ആദ്യ ക്വാഡ് സമ്മേളനത്തിൽ നാലു നേതാക്കളും വീഡിയോകോൺഫറൻസ് വഴി പങ്കെടുത്തിരുന്നു.

മോദിയും ബൈഡനും നേർക്കുനേർ

ഇരുവരും ഫോണിലൂടെ സംസാരിക്കുകയും വെർച്വൽ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ച ആദ്യം.


മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അടുപ്പം പുലർത്തിയതിനാൽ ബൈഡന്റെ വിശ്വാസം ആർജ്ജിക്കുക പ്രധാനം.

ചർച്ചയ്ക്ക് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി ഹർഷ് വി സിംഗ്ള ബൈഡൻ ഭരണകൂടത്തിലെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ, ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമാൻ തുടങ്ങിയവരെ കണ്ടു.

ക്വാഡ് സമ്മേളന വിഷയങ്ങൾ:

 അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം സംബന്ധിച്ച നിലപാട് വ്യക്തമാക്കൽ. അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിച്ചതിനുള്ള യു.എസ് വിശദീകരണം. അഫ്ഗാൻ കേന്ദ്രമാക്കിയുള്ള ഭീകര സംഘടനകളുടെ പ്രവർത്തനം തടയൽ, മയക്കുമരുന്ന് കടത്ത് തടയൽ.

ക്വാഡ് വാക്സിനേഷൻ സംരംഭം: യു.എസ് വികസിപ്പിക്കുന്ന വാക്സിൻ ഇന്ത്യയിൽ നിർമ്മിച്ച് ജപ്പാൻ സാമ്പത്തിക സഹായത്തോടെ ഏഷ്യൻ പസഫിക് രാജ്യങ്ങളിൽ വിതരണം ചെയ്യൽ.

യു.എൻ ജനറൽ അസംബ്ളി

ഐക്യരാഷ്‌ട്ര ജനറൽ അസംബ്ളിയുടെ 25ന് നടക്കുന്ന 76-ാം സെഷനിൽ മോദി പങ്കെടുക്കും. കൊവിഡ് മഹാമാരിയിൽ നിന്നുള്ള തിരിച്ചുവരവ്, സുസ്ഥിരത ഉറപ്പാക്കൽ, ഭൂമിയുടെ ആവശ്യങ്ങളോടുള്ള പ്രതികരണം, ജനങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കൽ, യു.എന്നിന് പുതു ജീവൻ നൽകൽ എന്നിവയാണ് വിഷയങ്ങൾ.

Advertisement
Advertisement