കണ്ണൂർ യൂണി: വിവാദ സിലബസ് പ്രത്യേക അജൻഡയുടെ ഭാഗമെന്ന് കെ.എസ്‌.യു

Wednesday 15 September 2021 12:05 AM IST

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ എം.എ ഗവർണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസിൽ ആർ.എസ്.എസ് അജൻഡയുടെ ഭാഗമായാണ് സംഘപരിവാർ നേതാക്കളുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ഇടത് സിൻഡിക്കേറ്റിന്റെ പ്രത്യേക അജൻഡയുടെ ഭാഗമായുള്ള തീരുമാനമാണിതെന്നും വഴിവിട്ട രീതിയിലാണ് യൂണിവേഴ്സിറ്റി നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർവ്വകലാശാല സ്റ്റാട്യൂടിൽ ചാപ്റ്റർ പതിമൂന്നിലെ വ്യവസ്ഥകളുടെയും 1996 ലെ കണ്ണൂർ സർവ്വകലാശാല ആക്ടിന്റേയും ലംഘനമാണ് ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരണത്തിൽ നടന്നിരിക്കുന്നത്. ഈ ചട്ടങ്ങൾ അനുസരിച്ച് ചാൻസിലർ കൂടിയായ ഗവർണറാണ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെയും ചെയർമാന്റെയും ലിസ്റ്റിന് അംഗീകാരം നൽകേണ്ടത്. എന്നാൽ ഇത് മറികടന്ന് സിൻഡിക്കേറ്റാണ് പുതിയ ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചത്. മുൻ ഇടത് സിൻഡിക്കേറ്റുകളെല്ലാം ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചത് ചാൻസലറുടെ അംഗീകാരത്തോടെയായിരുന്നു.
അതോടൊപ്പം തന്നെ പുതുതായി രൂപീകരിച്ച എട്ട് ബോർഡ് ഓഫ് സ്റ്റഡീസിൽ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത പലരെയും നാമനിർദ്ദേശം ചെയ്തിരിക്കുകയാണെന്നും ഇലക്ട്രോണിക്സ് പഠന വിഷയത്തിൽ ബോർഡ് ഓഫ് സ്റ്റഡീസിൽ പതിനൊന്നിൽ എട്ട് പേരും മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണെന്നും സമാനമായ സ്ഥിതിയിലാണ് മറ്റു പല ബോർഡ് ഓഫ് സ്റ്റഡീസുകളും രൂപീകരിച്ചിട്ടുള്ളതെന്നും കെ.എസ്.യു ആരോപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അതുലും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Advertisement
Advertisement