കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ ഇനി മുതൽ പാർട്ടിക്ക് ഫീസ് നൽകണം, വിവാദ തീരുമാനവുമായി ഉത്തർപ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്റെ കത്ത്

Wednesday 15 September 2021 11:07 AM IST

ന്യൂഡൽഹി: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് 11,000 രൂപ ഫീസ് ഏർപ്പെടുത്താൻ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. മത്സരിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള അപേക്ഷ ഫോം സമർപ്പിക്കുന്ന സമയത്ത് ഈ തുക അടയ്ക്കണം. സംസ്ഥാന അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലു പാർട്ടി ഭാരവാഹികൾക്ക് ഇന്നലെ അയച്ച കത്തിലാണ് വിവാദ തീരുമാനമുള്ളത്. അതാതു ജില്ലകളിലെ പാർട്ടി അദ്ധ്യക്ഷന്മാർക്കാണ് പണം പിരിക്കുന്നതിനുള്ള ചുമതല. സംസ്ഥാനതലത്തിലുള്ള ഇതിന്റെ മേൽനോട്ടവും ഏകീകരണവും സഞ്ജയ് ശർമ്മ, വിജയ് ബഹാദൂർ എന്നീ നേതാക്കന്മാരിലായിരിക്കുമെന്ന് കത്തിൽ പറയുന്നു.

ബാങ്ക് ട്രാൻസ്ഫർ, മണി ഓർഡർ, ഡിമാൻഡ് ഡ്രാഫ്‌റ്റ് എന്നിവയിൽ ഏതെങ്കിലും ഒരു മാർഗം ഉപയോഗിച്ചായിരിക്കണം പണം അടയ്ക്കേണ്ടത്. പണം അടച്ചതിനു ശേഷം സ്ഥാനാർത്ഥി മോഹികൾക്ക് അതിന്റെ രസീത് ലഭിക്കും. എന്നാൽ പണം അടച്ച് അപേക്ഷ സമർപ്പിച്ചതിനു ശേഷവും ആ വ്യക്തിക്ക് സീറ്റ് ലഭിച്ചില്ലെങ്കിൽ പണം മടക്കിനൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സെപ്തംബർ 25 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 2017ൽ നടന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും ഏഴ് സീറ്റാണ് കോൺഗ്രസിനു നേടാൻ സാധിച്ചത്.

Advertisement
Advertisement