കോൺഗ്രസ് തകരുന്ന കൂടാരം, നേതാക്കൾ സിപിഎമ്മിലേക്ക് വരുന്നത് സ്വാഭാവിക പ്രക്രിയ; ബിജെപിക്കെതിരെ കൃത്യമായ നിലപാടെടുക്കുന്നത് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി

Wednesday 15 September 2021 8:04 PM IST

തിരുവനന്തപുരം: രാജ്യത്ത് ബിജെപിക്കെതിരെ കൃത്യമായ നിലപാടെടുത്തത് ഇടതുപക്ഷമാണെന്ന് കോൺഗ്രസിലെ പലർക്കും അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ട് കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരാൻ പലരും തയ്യാറാകുന്നത് സ്വാഭാവികമായ പ്രക്രിയയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കോൺഗ്രസ് എന്നത് തകർന്നുകൊണ്ടിരിക്കുന്ന കൂടാരമാണ്. അവിടെ നിൽക്കേണ്ടതില്ലെന്ന് അതിൽ പ്രവർത്തിക്കുന്ന പലരും ചിന്തിച്ചെന്ന് വരും. അതുകൊണ്ടാണ് പലരും കോൺഗ്രസ് വിടുന്നത്. ഇത് ആരോഗ്യപരമായ പ്രവണതയായാണ് സിപിഎം വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയിലേക്ക് പോകാൻ നേരത്തെ തന്നെ കോൺഗ്രസിൽ പലരും തീരുമാനിച്ചിരുന്നു. ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി പറഞ്ഞ പല നേതാക്കളും ഇപ്പോൾ കോൺഗ്രസിലുണ്ട്. പലരും ബിജെപിയിലേക്ക് പോയേക്കുമെന്ന് കണ്ടപ്പോൾ അവരെ നിലനിർത്താൻ കോൺഗ്രസ് നേതൃത്വം ഇടപെട്ടത് ആളുകൾക്ക് അറിയുന്ന കാര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ തകർച്ചയ്‌ക്ക് വഴിവയ്‌ക്കുന്ന നയങ്ങളാണ് ബിജെപി സ്വീകരിക്കുന്നത്. അവരെ ശരിയായ രീതിയിൽ നേരിടാനല്ല കോൺഗ്രസ് ശ്രമിച്ചത്. ഇത് അണികൾ തിരിച്ചറിഞ്ഞു. കൃത്യമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിച്ചത് ഇടതുപക്ഷമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.