മനസിൽ തിരയണം കുറ്റകൃത്യങ്ങളുടെ വേരുകൾ

Thursday 16 September 2021 12:00 AM IST

അസാധാരണമാം വിധം സമൂഹത്തിൽ അതിക്രമങ്ങളും അവിശ്വസനീയമായ പാതകങ്ങളും പെരുകുന്നുവെന്ന് വാർത്തകൾ പിന്തുടരുന്നവർ അനുമാനിച്ചാൽ അത് സ്വാഭാവികം. (ക്രൈം റെക്കോഡുകൾ പരിശോധിച്ചിട്ടല്ല ഈ അഭിപ്രായം പറയുന്നത്. വാർത്തകളിൽ നിറയുന്ന ഹിംസാത്മക പ്രവൃത്തികളുടെ എണ്ണം പെരുകുന്നത് കണ്ടിട്ടുണ്ടായ പ്രതികരണം മാത്രമാണിത്.) ഭർത്താവിനെ അടിച്ചുകൊല്ലുന്ന ഭാര്യമാരും ഭാര്യമാരെ കൊലചെയ്യുന്ന ഭർത്താക്കന്മാരും തങ്ങളിൽ കൊല്ലുന്ന സഹോദരങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. കാമുകിമാരെ കാമുകന്മാരും കാമുകന്മാരെ കാമുകിമാരും മുമ്പും വകവരുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ നാം കേൾക്കുന്ന മാതിരി നാടകീയമായും, ആസൂത്രിതമായും കൊലപാതകങ്ങൾ ഇതിനു മുൻപ് ഉണ്ടായിരുന്നില്ല. പെട്ടെന്നുള്ള ക്ഷോഭത്തിൽ നടത്തപ്പെട്ട ഹത്യകളായിരുന്നു പലതും. ആ ശൈലി മാറിയിരിക്കുന്നു. എല്ലാ ബന്ധങ്ങളുടെയും പവിത്രത നഷ്ടപ്പെട്ടതായി ഇക്കാലത്തു പെരുകുന്ന ഹത്യകൾ നമ്മളോട് പറയുന്നു. കുഞ്ഞുമകളെ പുഴയിലെറിഞ്ഞു കൊല്ലുന്ന പിതാവിനെയും, അമ്മയെ കൊല്ലുന്ന മകനെയും, മകനെ കൊല്ലുന്ന അമ്മയെയും സാധാരണ കേട്ടിരുന്നില്ല. ഒറ്റയ്ക്ക് ട്രെയിൻയാത്ര ചെയ്യുന്ന സ്ത്രീകളെ മയക്കിക്കിടത്തി പണവും സ്വർണവും അപഹരിക്കുക, പൊലീസ് ഉദ്യോഗസ്ഥനായും ഡോക്ടറായും വക്കീലായും അഭിനയിച്ചു കബളിപ്പിക്കുക, മുക്കുപണ്ടം പണയംവച്ച് ധനകാര്യ സ്ഥാപനങ്ങളെ വഞ്ചിക്കുക എന്നിങ്ങനെ എന്തെല്ലാം തരത്തിൽ അവിഹിത നേട്ടങ്ങളുണ്ടാക്കാമോ അതെല്ലാം ചെയ്യാൻ ഇപ്പോൾ ഉളുപ്പില്ല.
ഇന്റർനെറ്റിലൂടെ സ്ത്രീകളെയും കുട്ടികളെയും പാട്ടിലാക്കി ചൂഷണം ചെയ്യുന്നവരുടെ എണ്ണവും പെരുകുകയാണ്. മുമ്പും ഭർത്താക്കന്മാർ ഭാര്യമാരെ കൊന്നിട്ടുണ്ടെങ്കിലും മൂർഖൻ പാമ്പിനെക്കൊണ്ട് കൊത്തിച്ചു കൊല്ലാമെന്ന് സങ്കല്‌പിച്ചവർ വിരളം. സൈനൈഡ് ഭക്ഷണത്തിൽ കലർത്തിയാൽ മരണം സുഗമമാക്കാമെന്നു മാത്രമല്ല, പിടിക്കപ്പെടാനുള്ള സാദ്ധ്യത അതിവിരളമാണെന്നു കണക്കുകൂട്ടിയവരുടെ കഥകളും ഇതിനു മുൻപ് കേട്ടിട്ടില്ല.

പെരുകുന്ന ആത്മഹത്യകളും മാനസികാരോഗ്യം ക്ഷയിച്ചതുകൊണ്ടുണ്ടാകുന്ന വൈകല്യമാണ്. കുറ്റകൃത്യം ചെയ്യുന്ന ഓരോ വ്യക്തിയും പിടിക്കപ്പെടുകയില്ലെന്നും കേസ് ഒരിക്കലും തെളിയിക്കപ്പെടുകയില്ലെന്നും ഉദ്ദേശിച്ചപോലെ ശിഷ്ടജീവിതം സുഖകരമായി ജീവിക്കാൻ സാധിക്കുമെന്നുമുള്ള വിചാരത്താലാണ് നയിക്കപ്പെടുന്നത്. ആ വിചാരവും മൂഢവിശ്വാസവും കുറ്റം ചെയ്യാൻ വേണ്ട ധൈര്യവും നിശ്ചയദാർഢ്യവും താത്‌കാലികമായി പകരും. മിക്കവാറും സന്ദർഭങ്ങളിൽ കുറ്റകൃത്യം നടന്നുകഴിഞ്ഞു അവിശ്വസനീയമായ വേഗത്തിൽ പ്രതികൾ പിടിക്കപ്പെടാറുണ്ടെന്ന വസ്തുത ഓർക്കാതിരിക്കാൻ കഴിയുന്ന ഒരു മാനസിക മയക്കുമരുന്നിന് അവർ സ്വയം വിധേയരാവുന്നു. മനസാണ് ഇതിനെല്ലാം ആധാരം. എല്ലാ യുദ്ധങ്ങളും ആരംഭിക്കുന്നത് ആരുടെയോ വിഭ്രമപ്പെട്ട മനസ്സിലാണ് എന്ന് പറയാറുള്ളതുപോലെ, ഓരോ കൊലപാതകവും കുറ്റകൃത്യവും ആദ്യം ഉടലെടുക്കുന്നത് മനസിലാണ്. മനസിന് എന്ത് സംഭവിക്കുന്നു എന്ന് ആ വ്യക്തിയോ സുഹൃത്തുക്കളോ, നിത്യവും ഇടപഴകുന്ന ബന്ധുക്കളോ ശ്രദ്ധിക്കുന്നുമില്ല. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു നമ്മുടെ മനഃശാസ്ത്രജ്ഞർ ആവർത്തിച്ച് മുന്നറിയിപ്പുകൾ തന്നിട്ടും, നമുക്കിടയിൽ വേണ്ടത്ര അവബോധം ഉണ്ടായിട്ടില്ല.

ഏതു സങ്കീർണമായ മാനസികപ്രശ്നത്തെയും 'വട്ട് ' എന്ന ഒറ്റ പദത്തിൽ ഒതുക്കിയ മലയാളിയുടെ ഭാഷാവൈഭവം പ്രശംസനീയമാണെങ്കിലും, മനസിനുണ്ടാകുന്ന ആതുരമായ അവസ്ഥാഭേദങ്ങളുടെ സൂക്ഷ്മതകൾ മുഴുവൻ ഈ രണ്ടക്ഷരത്തിലൂടെ അതിലളിതവത്കരിച്ച് നാം സൗകര്യപൂർവം നിരാകരിക്കുകയാണ്. ഈ നിസാരവത്ക്കരിക്കൽ നമ്മുടെ ജാഗ്രതയെ ബാധിച്ചിരിക്കുന്നു. സഹപാഠികൾക്കിടയിൽ, സഹപ്രവർത്തകർക്കിടയിൽ, ബന്ധുക്കൾക്കിടയിൽ, സ്‌നേഹിതർക്കിടയിലൊക്കെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള വർദ്ധിച്ച ജാഗ്രതയുണ്ടാകുമെങ്കിൽ കുറ്റകൃത്യങ്ങൾ വലിയൊരളവിൽ ഒഴിവാക്കാൻ സാധിക്കും. പക്ഷെ സ്വന്തം വീട്ടിനുള്ളിൽപ്പോലും ഓരോ അംഗവും ഒറ്റപ്പെട്ട ദ്വീപുകളിലാണ് താമസം. തീന്മേശയിലോ ടിവി കാണുമ്പോഴോ ഒത്തുചേർന്നെങ്കിലായി. മൊബൈൽ ഫോണിലൂടെ ചുറ്റുപാടുകളിൽ നിന്നും അടുത്ത ബന്ധങ്ങളിൽ നിന്നും അകന്നു സാങ്കല്പികമായ വ്യാജമണ്ഡലങ്ങളിൽ അഭിരമിക്കാനുള്ള വാസന തന്നെ ഒരു പലായന സ്വഭാവത്തെയാണ് പ്രത്യക്ഷമാക്കുന്നത്. അടുത്ത സുഹൃത്തുക്കളോട് ഇടപഴകിയാൽ തന്റെ യഥാർത്ഥമുഖം അവരറിഞ്ഞുപോകുമല്ലോ എന്ന ഭയത്താൽ അവർ സൈബർലോകത്തിന്റെ പ്രച്ഛന്നസുരക്ഷയിൽ സമയം പോക്കി പുതിയ ധൈര്യവും വ്യാജപ്രതിച്ഛായയും സൃഷ്ടിച്ചെടുത്ത് , അവ സത്യമാണെന്നു സ്വയം വിശ്വസിക്കാൻ തുടങ്ങുന്നു. ആ നിർമ്മിത ധൈര്യത്തിലാണ് കുറ്റകൃത്യങ്ങൾ ചെയ്യാൻ അവർക്കു ധൈര്യം കിട്ടുന്നത്.
ഒരു ദിവസം കൊണ്ടുണ്ടായതല്ല തെറ്റിന്റെ വഴിയേ നടക്കാനുള്ള ഇവരുടെ പ്രേരണ. തെറ്റായ പ്രവൃത്തികൾ ചെയ്ത് തുടങ്ങുന്നതിനും മുൻപ് തന്നെ അവരുടെ മനസുകൾ അതിനു അനുകൂലമായ അവസ്ഥയിലെത്തിക്കഴിയും. ആ മാറ്റം തിരിച്ചറിയാൻ യഥാകാലം സാധിക്കുമെങ്കിൽ നാളെ ഒരു കുറ്റവാളി പിറക്കുന്നില്ലെന്ന് ഇന്നേ ഉറപ്പു വരുത്താൻ കഴിയും. മാനസികാരോഗ്യത്തിന്റെ അടിസ്ഥാന വസ്തുതകൾ, ശ്രദ്ധിക്കേണ്ട മാറ്റങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ ഇവയൊക്കെ സമൂഹം പൊതുവായി അറിഞ്ഞിരിക്കണം. അമ്മമാരും, തൊഴിലാളികളും, ഓഫീസ് ജീവനക്കാരും, അദ്ധ്യാപകരും, വിദ്യാർത്ഥികളും ഈ അടിസ്ഥാന വിജ്ഞാനം സ്വായത്തമാക്കണം. മറ്റുള്ളവരുടെ മാത്രമല്ല, സ്വന്തം മാനസികാരോഗ്യനില എന്തെന്ന് അറിയാനും സാധിക്കണം. വ്യാപകമായ ബോധവത്കരണം കൊണ്ട് മാത്രമേ മാനസികാരോഗ്യത്തെക്കുറിച്ച് ശ്രദ്ധയും ജാഗ്രതയുമുള്ള ഒരു സമൂഹമായി നമുക്ക് മാറാനാകൂ. അപ്രായോഗികമായ ആഗ്രഹങ്ങളും, ലക്ഷ്യം നേടുന്നതിന് മാർഗം എന്തുമാവാമെന്ന നീതീകരണവും, പണത്തിനോടും പത്രാസിനോടുമുള്ള അഭിനിവേശവും, എല്ലാം മാനസികാവസ്ഥയിലെ വ്യതിയാനം നിർണയിക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണങ്ങളത്രെ. മാനസികാരോഗ്യപ്രശ്നത്തിനു വിദഗ്ദ്ധ സഹായം തേടുന്നതിൽ നാണക്കേടില്ലെന്ന ആശയത്തിനും കൂടുതൽ സ്വീകാര്യത കൈവരേണ്ടതുണ്ട്. കൊള്ളരുതാത്തവൻ, കൊലപാതകി, മനോരോഗി, എന്നൊക്കെ ആളുകളെ ചാപ്പകുത്തുന്ന ശീലം ഒട്ടും ആശാസ്യമല്ല. അതൊരു സാമൂഹികമായ ഒളിച്ചോട്ടമാണ്. ആരും കുറ്റവാളികളും കൊലയാളികളുമായി ജനിക്കുന്നില്ല. പല കാരണങ്ങളാൽ നമ്മളെപ്പോലുള്ള സാധാരണ മനുഷ്യർ കുറ്റകൃത്യങ്ങളും നരഹത്യകളും ചെയ്യുന്നുവെന്നു മാത്രം. അതെന്തുകൊണ്ട് എന്ന അന്വേഷണം അഗാധമായ മനുഷ്യസ്‌നേഹത്തിലും വിശ്വാസത്തിലും നിന്നേ ഉറവയെടുക്കൂ.

Advertisement
Advertisement