മുട്ടക്കോഴി വളർന്നാൽ 'മുട്ടൻ'കോഴി

Thursday 16 September 2021 12:00 AM IST

ആലപ്പുഴ: മുട്ടക്കോഴി കുഞ്ഞുങ്ങളെന്ന പേരിൽ തമിഴ്‌നാട്ടിൽ നിന്നെത്തുന്നത് പൂവൻ കോഴിക്കുഞ്ഞുങ്ങൾ. കുറഞ്ഞ വിലയ്ക്ക് വാങ്ങി വളർത്തുന്ന വീട്ടുകാരാണ് തട്ടിപ്പിനിരയാകുന്നത്. ഗുണനിലവാരമുള്ള മുട്ടക്കോഴികളെ കേരള സ്റ്റേറ്റ് പൗൾട്രി വികസന കോർപ്പറേഷൻ നൂറ് ശതമാനം വിശ്വസ്തതയോടെ നൽകുമ്പോഴാണ് റോഡരികിലെ തട്ടിപ്പ്.

പൗൾട്രി വികസന കോർപ്പറേഷന്റെ കോഴിക്കുഞ്ഞുങ്ങൾക്ക് അത്യുത്പാദന ​- രോഗപ്രതിരോധ ശേഷി കൂടുതലാണ്. മൃഗസംരക്ഷണ വകുപ്പ് വഴിയാണ് ഇവയുടെ വിതരണം. 50 ദിവസം പ്രായമായ കുഞ്ഞിന് 170 രൂപയാണ് വില. വകുപ്പ് വഴി വിതരണം ചെയ്യുമ്പോൾ 50 രൂപ സബ്‌സിഡി പ്രകാരം 120 രൂപയ്ക്ക് ലഭിക്കും. ഇതേ പ്രായമുള്ള തമിഴ്‌നാടൻ കോഴികൾ 60-80 രൂപ നിരക്കിൽ വീട്ടിലെത്തിക്കുന്ന സ്വകാര്യ ഏജൻസികളുമുണ്ട്.

രോഗപ്രതിരോധ ശേഷി കുറവായതിനാൽ വളർത്തിയെടുക്കാൻ പാടാണ്. ഇവയിൽ നിന്ന് നാടൻ കോഴികളിലേയ്ക്ക് രോഗം പടരാനും സാദ്ധ്യതയേറെയാണ്. ലാഭം പ്രതീക്ഷിച്ചാണ് തമിഴ്‌നാടൻ കോഴികളെ കർഷകർ കൂടുതലായി വാങ്ങുന്നത്. പക്ഷേ, വളർച്ചയെത്തുമ്പോൾ 80 ശതമാനവും പൂവനായിരിക്കും. ഇതോടെ ഇറച്ചിക്കായി വിൽക്കേണ്ട അവസ്ഥയാണുള്ളത്.

വീട്ടമ്മമാരുടെ വരുമാനം

ഗ്രാമങ്ങളിലെ വീട്ടമ്മമാർ നല്ല വരുമാനം പ്രതീക്ഷിച്ചാണ് മുട്ടക്കോഴികളെ വളർത്തുന്നത്. ശരിയായി പരിപാലിച്ചാൽ കുറഞ്ഞ ചെലവിൽ മികച്ച വരുമാനം നേടാം. നല്ല കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കണമെന്ന് മാത്രം.

പൂവന്മാർ ഫാമിന് പുറത്ത്

1. പൂവൻ കോഴിക്കുഞ്ഞുങ്ങളെ ഫാമുകളിൽ നിന്ന് ഏജന്റുമാർ‌ വില കുറച്ച് വാങ്ങും

2. ഇതിനൊപ്പം മുട്ടക്കോഴി കുഞ്ഞുങ്ങളെ കലർത്തിയാണ് വില്പന

3. പ്രതിരോധ മരുന്നുകൾ നൽകാറില്ല

4. ഒരുമാസം പ്രയമാകുമ്പോൾ റോഡരികിൽ വലകെട്ടി വില്പനയ്ക്കെത്തിക്കും

5. ഇരുചക്ര വാഹനങ്ങളിൽ വീടുകളിലും എത്തിക്കാറുണ്ട്

6. മൂന്നുമാസം കൊണ്ടേ പൂവൻ കോഴികളെ തിരിച്ചറിയാനാവൂ

7. ആറുമാസം വേണ്ടിവരും പൂവൻ കോഴി ഇറച്ചിപ്പരുവമാകാൻ

8. തീറ്റച്ചെലവ് കൂടുന്നതിനാലാണ് ഫാമുകൾ തുടക്കത്തിലേ ഒഴിവാക്കുന്നത്

9. 45 ദിവസം കൊണ്ട് ഇറച്ചിയാകുന്ന കോഴികളോടാണ് കർഷകർക്ക് താത്പര്യം



മുട്ടക്കോഴി നിരക്ക് (ഗ്രാമശ്രീ, ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി, വി.വി ത്രീ)​

45 ദിവസം പ്രായം ₹ 85

60 ദിവസം ₹ 150

തീറ്റ വില (50കിലോ)​

കൊവിഡിന് മുമ്പ്: ₹ 1,​550

ഇപ്പോൾ: ₹ 2,​250

"

കൃഷിയുടെ പരിധിയിൽ കോഴി കർഷകരെ ഉൾപ്പെടുത്തണം. തീറ്റവില നിയന്ത്രിക്കാൻ സർക്കാർ മേഖലയിൽ ഫാക്ടറി ആരംഭിക്കണം. തെലുങ്കാന 40 ഉം തമിഴ്നാട് 30 ഉം ശതമാനം തുക ചെലവഴിക്കുമ്പോൾ കേരളം അഞ്ചുശതമാനമാണ് നീക്കിവയ്ക്കുന്നത്. മുട്ടക്കോഴി കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ പ്രത്യേക പദ്ധതി വേണം.

എസ്.കെ.നസീർ, സംസ്ഥാന സെക്രട്ടറി,

കേരള പൗൾട്രി ഫെഡറേഷൻ

Advertisement
Advertisement