ചെറിയാൻ ഫിലിപ്പും കെ.പി. അനിൽകുമാറും അറിയാൻ

Thursday 16 September 2021 12:00 AM IST

സ്വാതന്ത്ര്യം കിട്ടിയത് അർദ്ധരാത്രിയിലാണെങ്കിലും സ്വന്തം പാർട്ടിയിൽനിന്ന് സ്വാതന്ത്ര്യം വീണ്ടെടുത്ത് മറ്റൊരു പാർട്ടിയിൽ ചേക്കേറാൻ പാതിരാവോളം കാത്തുനില്‌ക്കേണ്ടതില്ല. അധികാരത്തിലേക്ക് കുറുക്കുവഴി തേടുമ്പോൾ പാതിരാവുവരെ കാത്തുനില്‌ക്കാനുമാവില്ല. എങ്കിലും കൂറുമാറുമ്പോഴും അല്പം ചമ്മലൊക്കെ ആകാവുന്നതാണ്. അതിനുള്ള അവസരം പോലും അവഗണിച്ചാണ് ഇപ്പോൾ നേതാക്കന്മാരും അണികളും പാർട്ടിവിട്ട് പാർട്ടിയേറുന്നത്. എല്ലാ പാർട്ടിയിലും അതിനുള്ള സംവിധാനങ്ങളും നിഗൂഢകേന്ദ്രങ്ങളുമുണ്ട്. കൊവിഡിന്റെ സംഭാവനയായ മുഖംമൂടി ഉള്ളതുകൊണ്ട് രാഷ്ട്രീയക്കാർക്ക് ഇപ്പോൾ പ്രത്യേകമായി മുഖംമൂടിയുടെ ആവശ്യവുമില്ല. കൂറുമാറ്റനിയമം കടുത്തതായതു കൊണ്ട് കസേര മറിച്ചിടലും തട്ടിക്കൊണ്ടുപോകലും ഇവിടെ ക്ലച്ചുപിടിക്കുന്നില്ലെന്നു മാത്രം.

കോൺഗ്രസിലിപ്പോൾ കൊഴിഞ്ഞുപോക്കിന്റെയും കൂറുമാറ്റത്തിന്റെയും കാലമാണ്. കെ.പി.സി.സി മുൻ സംഘടനാ ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറാണ് ഒടുവിൽ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേക്കേറിയത്. ആഴ്ചകൾക്കുമുമ്പ് കോൺഗ്രസിൽനിന്ന് രാജിവച്ച് സി.പി.എമ്മിൽ എത്തിയ കെ.പി.സി.സി മുൻ സെക്രട്ടറി പി.എസ്. പ്രശാന്തിനൊപ്പമാണ് അദ്ദേഹം എ.കെ.ജി സെന്റിറിലെത്തിയത്. കോടിയേരി ബാലകൃഷ്ണൻ ചെമ്പട്ട് പുതച്ച് അദ്ദേഹത്തെ സ്വീകരിച്ചു. ഉപാധികളില്ലാതെയാണ് സി.പി.എമ്മിലെത്തുന്നതെന്നാണ് അനിൽകുമാർ പറഞ്ഞത്. താഴെത്തട്ടിൽ വരെ പ്രവർത്തിക്കാൻ തയ്യാറാണെന്നും പറഞ്ഞു. ഏതെങ്കിലും ഒരു പ്രാദേശിക ബ്രാഞ്ചിൽ അനിൽ അംഗമായേക്കും. സാധാരണ ഗതിയിൽ അതിനും രണ്ടുവർഷമെങ്കിലും കാത്തിരിക്കണം. ഇപ്പോഴത്തെ സി.പി.എം നയം എന്താണെന്ന് നിശ്ചയമില്ല.

ഇന്ദിരാഭവനിൽനിന്ന് എ.കെ.ജി സെന്ററിലെത്താൻ 40 രൂപ ഓട്ടോചാർജ് മതിയെങ്കിലും അത്ര അകലമല്ല കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ളതെന്നാണ് ഇപ്പോഴും മലയാളികൾ ചിന്തിക്കുക. അതെന്തായാലും കോൺഗ്രസിൽ പുതിയ അധികാരകേന്ദ്രം വന്നതോടെ പരമ്പരാഗത വാഴ്ചയുടെ സദ്യവട്ടങ്ങൾ ആസ്വദിച്ചുപോന്ന പലർക്കും അച്ചാറും അടപ്രഥമനുമെല്ലാം കയ്പായി മാറി. ഈ കയ്പ് അടിയനു മാത്രമല്ല, മാലോകർക്കെല്ലാം ഇഷ്ടമാണെന്നു പറഞ്ഞ് പുതിയ കളരിയിൽ അങ്കച്ചേവരാകാൻ കച്ചമുറുക്കിയവരും ധാരാളം. കോൺഗ്രസിനു മാത്രമല്ല, ബി.ജെ.പിക്കും കമ്മ്യൂണിസ്റ്റു പാർട്ടികൾക്കുമെല്ലാം ഇതൊന്നും അത്ര പുതുമയുള്ള കാര്യമല്ല. പക്ഷേ, മാലോകരിൽ ചിലർക്കെങ്കിലും ചില സംശയങ്ങൾ തോന്നും. രാഷ്ട്രീയ പ്രവർത്തനം എന്നാൽ എങ്ങനെയും അധികാരത്തിലെത്തുക, അതുറപ്പിക്കുക, നേടാവുന്നതെല്ലാം നേടുക, അതിന് ഏത് കുതന്ത്രവും സ്വീകരിക്കുക എന്നൊക്കെയാണോ? തീർത്തും കേ‌ഡർ സംവിധാനമുണ്ടെന്ന് വാഴ്ത്തപ്പെടുന്ന സി.പി.എം ഇപ്പോൾ വലയും വള്ളവുമായി നിൽക്കുകയാണ്. ഏതു പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരാണെങ്കിലും സ്വയം വിട്ടുപോന്നവരാണെങ്കിലും കോരിയെടുക്കാൻ. ചെന്താരകങ്ങൾ പൂത്തുനില്ക്കുന്ന എ.കെ.ജി സെന്ററിൽ പുഷ്പഹാരവുമായി മുടിചൂടാമന്നന്മാരായ നേതാക്കന്മാർ നില്പുണ്ട് അവരെ അന്തപ്പുരത്തിലേക്ക് ആനയിക്കാൻ. സിനിമാതിയേറ്ററിൽ ടിക്കറ്റ് കൊടുക്കുമ്പോലെ വരുന്നവർക്കെല്ലാം ടിക്കറ്റ് കൊടുക്കുക. ഇതാണ് നവീന മാനിഫെസ്റ്റോ. എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഒരേ മുഷ്കോടെ നടപ്പിലാക്കുകയും അഭിമാനംകൊള്ളുകയും ചെയ്യുന്ന ഈ അവസരവാദ രാഷ്ട്രീയമാണ് നമ്മുടെ ഏറ്റവും വലിയ ശാപവും ദുരന്തവും. അത് തിരിച്ചറിയാൻ ചിലപ്പോൾ മരണംവരെ കാത്തിരിക്കേണ്ടിവരും. ഏതുകാലത്തും ഏതുനാട്ടിലും രാഷ്ട്രീയ നിലപാടുകൾ മാറ്റുന്നവരും മറുകണ്ടം ചാടുന്നവരും സ്വന്തം പാർട്ടിയുണ്ടാക്കി ചരിത്രമാകുന്നവരും തകരുന്നവരും ഉണ്ടാവും. അത്തരം ഉദാഹരണങ്ങൾ എത്രവേണമെങ്കിലും പറയാനാവും. അവർക്കെല്ലാം മുഖംമൂടിയായിട്ടെങ്കിലും ഒരു നിലപാടോ ആദർശമോ മാലോകരോട് പറയാനുണ്ടാവും. പക്ഷേ, സമീപകാലത്തായി പാർട്ടിവിട്ട് പാർട്ടിയേറുന്നവർക്ക് പറയാൻ കൊതിക്കെറുവിന്റെയും സ്ഥാനനിരാസങ്ങളുടെയും കണക്കുകൾ മാത്രമേയുള്ളൂ. ഇതാണ് ജനം തിരിച്ചറിയേണ്ട പരമാർത്ഥം.

സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു

നാണംകെട്ടു നടക്കുന്നിതു ചിലർ

മദമത്സരം ചിന്തിച്ചു ചിന്തിച്ചു

മതി കെട്ടു നടക്കുന്നിതു ചിലർ;

ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു

കുഞ്ചിരാമനായാടുന്നിതു ചിലർ;

കോലകങ്ങളിൽ സേവകരായിട്ടു

കോലംകെട്ടി ഞെളിയുന്നിതു ചിലർ- എന്ന് പൂന്താനം ജ്ഞാനപ്പാനയിൽ പറഞ്ഞത് അതിന്റെ പൂർണമായ അർത്ഥത്തിൽ സാക്ഷാത്‌കരിക്കുന്നത് ഇപ്പോഴാണ്. പാർട്ടിമാറി ചരിത്രമെഴുതിയ ലോനപ്പൻ നമ്പാടനെയും മറ്റും ഓർമ്മിച്ചുകൊണ്ട് താളുകൾ മറിക്കുമ്പോൾ രണ്ടു കോൺഗ്രസ് പുലികളുടെ ചിത്രംകൂടി സമീപഹിസ്റ്ററിയിൽ തെളിയുന്നു. ചെറിയാൻ ഫിലിപ്പും ശോഭനാജോർജും. ഇരുവരും ഇപ്പോഴും സി.പി.എം അംഗങ്ങളല്ല. ഇടതുപക്ഷ സഹയാത്രികരായാണ് അവർ തുടരുന്നത്. ചെറിയാൻ ഫിലിപ്പിന് ചില മോഹഭംഗങ്ങൾ ഉണ്ടായെങ്കിലും ശോഭനാജോർജ് ഹാപ്പിയാണ്. ചെങ്ങന്നൂരിന്റെ കോൺഗ്രസ് പ്രതിനിധിയായി മൂന്നുതവണ നിയമസഭയിലെത്തിയ അവർ ഖാദി ബോർഡിന്റെ വൈസ് ചെയർപേഴ്‌സണായാണ് സി.പി.എമ്മിനെ സേവിക്കുന്നത്. മത്സരിക്കാൻ മണ്ഡലം കിട്ടാത്തതിൽ മനംനൊന്ത് പാർട്ടി വിട്ട ശോഭനാജോർജിന് ഖാദി ബോർഡ് സ്വർലോകമാണ്. ജനസേവനത്തിന് എം.എൽ.എ യൊന്നും ആവേണ്ടതില്ലെന്നും തിരിച്ചറിഞ്ഞു. ചിലരങ്ങനയാ. ഇഷ്ടഭോജ്യങ്ങൾ വീട്ടിലുണ്ടെങ്കിലും തട്ടുകടയിൽ പോയി പുളിച്ച ചമ്മന്തിയും പൊടിപിടിച്ച ദോശയും കഴിക്കും. എന്നാലും തൃപ്തിയാവില്ല. തട്ടുകടയുടെ ശുചിത്വവും രുചിയും മഹത്വവും ജനകീയതയും സംബന്ധിച്ച് ഒരു പ്രഭാഷണംകൂടി നടത്തും. വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ - എന്നതിന്റെ അർത്ഥം പോലും പരസ്യവാചകത്തിലൂടെ നമ്മുടെ സൂപ്പർ സ്റ്റാർ മാറ്റിക്കളഞ്ഞ കാലമാണല്ലോ ഇത്. പാർട്ടിമാറലും ഒരു മാർക്കറ്റിംഗ് തന്ത്രമായിരിക്കാം.

ചെറിയാൻ ഫിലിപ്പിൽനിന്ന് കെ.പി. അനിൽകുമാറിലെത്താൻ കുറുക്കുവഴിയൊന്നുമില്ല. എങ്കിലും താരതമ്യം ചെയ്താൽ ഇരുവരുടെയും രാഷ്ട്രീയ ഭാവി തെളിഞ്ഞുവരും. എല്ലാവർക്കും മാ‌ർഗസൂചകമായി കാണാവുന്ന കാഴ്ചയാണത്. അഴിമതിക്കാരായി ഇതുവരെ ആരും ആരോപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇരുവർക്കും മംഗളം നേരുന്നു.

ജനങ്ങളെ ബാധിക്കുന്നതോ ജനങ്ങൾക്കാവശ്യമുള്ളതോ ആയ ഒരു നയമോ ചട്ടമോ തീരുമാനമോ നടപ്പിലാക്കാനാവാത്തിന്റെ പേരിൽ പാർട്ടിവിടേണ്ടിവന്നവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കാൻ തുനിഞ്ഞാൽ പേനയിലെ മഷിയും പേപ്പറും ചിലപ്പോൾ ചലനരഹിതമായി നിന്നുപോകും. എങ്കിലും നാടിനെയും അവിടെത്തെ ജനങ്ങളെയും മാത്രമല്ല സസ്യജാലങ്ങളെയും ജന്തുജാലങ്ങളെയും കാടിനെയും കടലിനെയും ആകാശത്തെയും വായുവിനെയുമെല്ലാം പരിപാലിക്കാൻ നിയുക്തരായവരാണ് ചെറുതും വലുതമായ രാഷ്ട്രീയ നേതാക്കന്മാർ. ഈ കടമയും യാഥാർത്ഥ്യവും ഇനിയും അന്യമാകുംവിധം വഷളായാൽ മനുഷ്യന് ഈ ഭൂമുഖത്ത് പിടിച്ചുനിൽക്കാനാവാതെവരും.

Advertisement
Advertisement