ടൂറിസം സർക്യൂട്ട് രൂപീകരണം: പൈതൽമലയിലേക്ക് വിദഗ്ധ സംഘം

Wednesday 15 September 2021 10:20 PM IST

കണ്ണൂർ :പൈതൽമല – പാലക്കയംതട്ട് - കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ടിന്റെ വികസനവുമായി ബന്ധപ്പെട്ട് വിദഗ്ധ റിപ്പോർട്ട് തയ്യാറാക്കാൻ വനം - ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഈ മാസം സന്ദർശനത്തിനെത്തും. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.അടിയന്തര പ്രാധാന്യത്തോടെ ഈ ടൂറിസം സർക്യൂട്ട് വികസിപ്പിക്കാനാണ് തീരുമാനം.
ജോൺ ബ്രിട്ടാസ് എം.പിയുടെ ഇടപെടലാണ് ടൂറിസം സർക്യൂട്ടിന്റെ രൂപീകരണത്തിലേക്ക് നയിക്കുന്നത്. സംയുക്ത ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയാലുടൻ ഒക്ടോബർ മാസം ആദ്യപകുതിയിൽ തന്നെ മന്ത്രിമാരുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരും. ഉത്തരമലബാറിന്റെ ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള ഈ സർക്യൂട്ടിന്റെ വികസനം വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പിന് വഴിവെക്കുമെന്നും മന്ത്രിമാരായ ശ്രീ.എ.കെ.ശശീന്ദ്രനും അഡ്വ.പി.എ.മുഹമ്മദ് റിയാസും യോഗത്തിൽ പറഞ്ഞു. പൈതൽമല ടൂറിസം പദ്ധതിക്ക് അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രമുണ്ടെങ്കിലും ഇന്നും പ്രാഥമിക സൗകര്യങ്ങൾ പോലും ഇവിടെയില്ല എന്ന കാര്യം ജോൺബ്രിട്ടാസ് എം.പി യോഗത്തിൽ ചൂണ്ടിക്കാണിച്ചു.

കാരവാൻ പദ്ധതി മുതൽ റോപ്പ് വേ വരെ...
കാരവാൻ പദ്ധതി, ടെന്റുകൾ, ഹട്ടുകൾ, റോപ്പ് വേ എന്നിവ ഉൾപ്പെടെ ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട പദ്ധതികൾ സംബന്ധിച്ചും വിദഗ്ധസംഘത്തിന്റെ സന്ദർശനത്തിന് ശേഷം രൂപരേഖ തയ്യാറാക്കാനും ധാരണയായി. കാഞ്ഞിരക്കൊല്ലിയുടെ വികസന സാധ്യതകൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും വനംവകുപ്പ് പഠിച്ച് റിപ്പോർട്ട് നൽകും. പാലക്കയംതട്ടിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി സമർപ്പിച്ച കരട് നിർദ്ദേശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. പാലക്കയംതട്ടിലേക്കുള്ള റോഡുകളുടെ നവീകരണം, റൈൻ ഹട്ടുകൾ, കേബിൾ കാർ പദ്ധതി, പ്രവർത്തനരഹിതമായ സോളാർ ലൈറ്റുകളുടെ പുനഃസ്ഥാപനം, പ്രവേശന കവാടങ്ങളുടെ നിർമാണം, ശുചിമുറികൾ, ടവറുകൾ, അതിർത്തി നിർണയിച്ച് സുരക്ഷാ വേലി സ്ഥാപിക്കൽ, ഹട്ടുകൾ, ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കുഴൽകിണർ നിർമാണം, നടപ്പാത നിർമാണം, പോലീസ് എയ്ഡ് പോസ്റ്റുകൾ തുടങ്ങിയവയുടെ നിർമാണം സംബന്ധിച്ചും യുദ്ധ കാലാടിസ്ഥാനത്തിൽ പരിശോധിച്ച് തീരുമാനങ്ങളെടുത്ത് നടപ്പാക്കുവാനും നിർദ്ദേശമുണ്ട്.

Advertisement
Advertisement