ആറ് മാസത്തിനുള്ളിൽ കൊവിഡ് നിയന്ത്രണത്തിലാകുമെന്ന് വിദഗ്ദ്ധർ

Thursday 16 September 2021 12:38 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളിൽ കൂടുതൽ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ദ്ധർ. ഡെൽറ്റ വകഭേദംകൊണ്ട് മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്നും നാഷണൽ സെന്റർഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ സുജിത് സിംഗ് പറഞ്ഞു.

ആറ് മാസത്തിനുള്ളിൽ കൊവിഡ് 19 'എൻഡമിക്' ഘട്ടത്തിലേക്കെത്തും. അതായത്,രോഗവ്യാപനം കൂടുതൽ നിയന്ത്രണ വിധേയവും നിലവിലുള്ള ആരോഗ്യസംവിധാനത്തിന് കൈകാര്യം ചെയ്യാനാവുന്നതുമായി മാറും. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ വിജയം കൈവരിക്കാൻ കഴിഞ്ഞാൽ രോഗത്തെ നിയന്ത്രിക്കാനാകും. രോഗവ്യാപനം ഉയർന്നതോതിലായിരുന്ന കേരളത്തിലുംകേസുകൾ കുറയുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനേഷനാണ്‌ കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ ഏറ്റവും വലിയ കവചം. 75കോടിയിൽ അധികം ആളുകൾക്ക് വാക്സിൻ നൽകി കഴിഞ്ഞു. വാക്സിനുകൾ 70 ശതമാനം ഫലപ്രാപ്തി നൽകുമെങ്കിൽ 50കോടി ആളുകൾ പ്രതിരോധശേഷി ആർജ്ജിച്ചു കഴിഞ്ഞു. ഒറ്റഡോസ് 30-31 ശതമാനം പ്രതിരോധം ഉറപ്പ് നൽകുന്നുവെങ്കിൽപോലും ഗുണകരമാണെന്നും സുജിത് സിംഗ് പറഞ്ഞു. വാക്സിൻ രണ്ട്‌ഡോസും സ്വീകരിച്ചാൽപോലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടത് പ്രധാനമാണ്. പുതിയ വകഭേദങ്ങളാണ് കൂടുതൽരോഗവ്യാപനത്തിന് കാരണം. വാക്സിനെടുത്താൽപോലും 70 മുതൽ നൂറ് ദിവസം വരെ പിന്നിടുമ്പോൾ പ്രതിരോധശേഷി കുറയുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement